മൂവാറ്റുപുഴ: ടിന്നിനുള്ളിൽ തല കുടുങ്ങിയ നിലയിൽ ഉടുമ്പിനെ കണ്ടെത്തി. ഇന്നലെ രാവിലെ 11ന് മൂവാറ്റുപുഴ ഹോമിയോ ആശുപത്രിക്ക് സമീപമുള്ള ഓടയിലാണ് തല ടിന്നിനുള്ളിൽ കുടുങ്ങി ചലിക്കാനാവാത്ത നിലയിൽ ആശുപത്രി ജീവനക്കാർ ഉടുമ്പിനെ കണ്ടെത്തിയത്. ടിന്ന് തലയിൽ കുടുങ്ങിയതിനാൽ ഉടുമ്പിന് ചലിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഉടനെ വനം വകുപ്പിനെയും ഫയർ ഫോഴ്‌സിനെയും വിവരമറിയിച്ചു. ഫയർഫോഴ്‌സ് സംഘമെത്തി ഉടുമ്പിനെ പിടികൂടി ഓഫീസിലേയ്ക്ക് കൊണ്ടുപോയി. തുടർന്ന് ടിന്ന് മുറിച്ച് മാറ്റി സുരക്ഷിതമാക്കിയശേഷം ഉടുമ്പിനെ മോചിപ്പിച്ചു.