# കൗൺസിലർമാർക്ക് വിപ്പ് നൽകി

കൊച്ചി: മേയർ സൗമിനി ജെയിനിനെതിരെ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയചർച്ചയിൽ നിന്ന് യു.ഡി.എഫ് വിട്ടുനിൽക്കും. നാളെ ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന അവിശ്വാസചർച്ചയിലോ വോട്ടെടുപ്പിലോ പങ്കെടുക്കേണ്ടെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. പാർട്ടിയുടെ നിർദേശത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

അവിശ്വാസ പ്രമേയത്തെ നേരിടുന്നതിനുള്ള തന്ത്രങ്ങൾ ആലോചിക്കുന്നതിനായി കഴിഞ്ഞ നാലിന് വിളിച്ചുകൂട്ടിയ യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ 12 ലെ ചർച്ചയിൽ നിന്ന് വിട്ടുനിൽക്കാൻ ധാരണയായെങ്കിലും ഇക്കാര്യം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. യോഗത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന വിപ്പ് ഡി.സി.സി പ്രസിഡന്റും ഡെപ്യൂട്ടി മേയറുമായ ടി.ജെ. വിനോദ് ഞായറാഴ്ച കൗൺസിലർമാർക്കു കൈമാറി. നാളെ രാവിലെ 11 ന് എല്ലാ കൗൺസിലർമാരും ഡി.സി.സി ഓഫീസിൽ എത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

# ഓടുന്ന മുയലിന് ഒരു മുഴം മുമ്പേ

ഭരണസമിതി നിലനിൽക്കേണ്ടത് യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്നമാണ്. എറണാകുളം നിയമസഭാ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണമാറ്റമുണ്ടാകുന്നത് തിരിച്ചടിയാകുമെന്ന് നേതാക്കൾ ഭയക്കുന്നു. വെറും രണ്ടു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഭരണസമിതിയുടെ നിലനിൽപ്പ്. മേയറുടെ പ്രവർത്തനങ്ങളിൽ ഭൂരിഭാഗം കൗൺസിലർമാർക്കും എതിർപ്പുണ്ട്. നാളെ നടക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ ഈ എതിർപ്പ് പ്രതിഫലിച്ചാൽ ഭരണസമിതി നിലംപതിക്കുന്ന ഗുരുതര സ്ഥിതിയായിരുന്നു.

അടുത്തകാലത്ത് നടന്ന തിരഞ്ഞെടുപ്പിൽ രണ്ടു കോൺഗ്രസ് കൗൺസിലർമാർ വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിനെ തുടർന്ന് എൽ.ഡി.എഫ് ധനകാര്യ സമിതി പിടിച്ചെടുത്തത് യു.ഡി.എഫിന് കനത്ത പ്രഹരമേല്പിച്ചിരുന്നു. റേ പദ്ധതിക്ക് പണം മുൻകൂർ നൽകിയ വിഷയത്തിൽ വിപ്പ് ലംഘിച്ച് ഏഴ് യു.ഡി.എഫ് അംഗങ്ങൾ കൗൺസിലിൽ മേയർക്കെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചു. ഇതേ സംഭവം ഇനിയും ആവർത്തിക്കുമെന്ന ഭയമാണ് നാളത്തെ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ നേതൃത്വത്തെ പ്രേരിപ്പിച്ചത്. ഇത് ഒളിച്ചോട്ടമാണെന്ന് കോൺഗ്രസ് കൗൺസിലർമാരും സമ്മതിക്കുന്നു.

# വിട്ടുനിൽക്കുമെന്ന് ബി.ജെ.പി

പ്രതിപക്ഷമെന്ന നിലയിൽ തങ്ങളോട് ആലോചിക്കാതെയാണ് ഇടതുപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതെന്ന് ബി.ജെ.പി.അംഗങ്ങൾ. കോൺഗ്രസിലെ ഗ്രൂപ്പിസം മുതലെടുക്കാനാണ് എൽ.ഡി.എഫിന്റെ ശ്രമം. നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള രാഷ്‌ട്രീയ നീക്കത്തോട് യോജിപ്പില്ല.കോർപ്പറേഷൻ ഭരണസമിതിയുടെ പ്രവർത്തനങ്ങളിൽ തങ്ങൾക്കും കടുത്ത അതൃപ്തിയുണ്ട്. മേയർ മാറ്റം ഞങ്ങളുടെ അജണ്ടയിലില്ല. അത് യു.ഡി.എഫിന്റെ ആഭ്യന്തര പ്രശ്നമാണ്. ബി.ജെ.പിയുടെ രണ്ട് കൗൺസിലർമാരും വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കാൻ നേതൃത്വം വിപ്പ് നൽകിയിട്ടുണ്ട്.

സുധ ദിലീപ് കുമാർ

ബി.ജെ.പി കൗൺസിലർ

# കോർപ്പറേഷനിലെ കക്ഷിനില

ആകെ ഡിവിഷൻ : 74

യു.ഡി.എഫ് : 38

കോൺഗ്രസ് : 35

മുസ്ളീംലീഗ് : 2

കേരള കോൺഗ്രസ് (എം) : 1

എൽ.ഡി.എഫ് : 34

സി.പി.എം : 28

സി.പി.ഐ : 2

ജനതാദൾ : 1

എൻ.സി.പി : 1

സി.പി.ഐ (എം.എൽ) : 1

കോൺഗ്രസ് (എസ്) : 1

ബി.ജെ.പി: 2