പറവൂർ : വടക്കേക്കര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ ചെണ്ടുമല്ലിപ്പൂവ് കൃഷി വിളവെടുത്തു. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം അംബ്രോസ് ഉദ്ഘാടനം ചെയ്തു. വനിതാഗ്രൂപ്പ് പദ്ധതിയായ 'ഓണത്തിനൊരു പൂക്കൂട' ജനകീയാസൂത്രണ പദ്ധതി 2019 പ്രകാരമാണ് ചെണ്ടുമല്ലിപ്പൂവ് കൃഷി ചെയ്തത്. പഞ്ചായത്തിലെ ഇരുപത് വാർഡുകളിലായി മുപ്പതോളം കുടുംബശ്രീ, തൊഴിലുറപ്പ് ഗ്രൂപ്പുകൾ ചേർന്നാണ് പുഷ്പകൃഷിയിൽ നൂറുമേനി വിളവെടുത്തത്.
കൃഷിവകുപ്പിന്റെ ഓണസമൃദ്ധി - കാർഷിക വിപണിയിലും കുടുംബശ്രീ വഴിയും പൂക്കളുടെ വിപണനം നടത്തി വരുന്നു. ഒരു കിലോയ്ക്ക് നൂറ് രൂപ നിരക്കിലാണ് വില്പന. കഴിഞ്ഞ പ്രളയത്തിൽ പഞ്ചായത്തിന്റെ എല്ലാ പ്രദേശങ്ങളും വെള്ളം കയറിയ അവസ്ഥയായിരുന്നു. 25,000 ബന്ദിതൈകൾ അന്ന് നശിച്ചുപോയിരുന്നു. ഈ വർഷവും മഴക്കെടുതി ചെറിയ തോതിൽ ബാധിച്ചു. സ്ത്രീ കൂട്ടായ്മയുടെ കഠിന പ്രയത്നത്തിലൂടെയും മികച്ച പരിചരണത്തിലൂടെയുമാണ് നൂറുമേനി വിളയിക്കാൻ കഴിഞ്ഞത്.