കൊച്ചി: യു.എ.ഇ അജ്മാനിലെ കള്ളച്ചെക്ക് കേസിൽ കുടുക്കപ്പെട്ട എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നാളെ (വ്യാഴം) നാട്ടിലെത്തും. വൈകിട്ട് എയർ ഇന്ത്യാ വിമാനത്തിൽ നെടുമ്പാശേരിയിൽ ഇറങ്ങുന്ന തുഷാറിന് എയർപോർട്ട് ടെർമിനൽ മൂന്നിലും തുടർന്ന് ആലുവയിലും എസ്.എൻ.ഡി.പി യോഗത്തിന്റെ വിവിധ യൂണിയനുകളുടെയും പോഷകസംഘടനകളുടെയും ആഭിമുഖ്യത്തിൽ ഉജ്ജ്വല സ്വീകരണവുമുണ്ടാകും.
നെടുമ്പാശേരിയിൽ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ തുഷാറിനെ ആലുവ പ്രിയദർശിനി മുനിസിപ്പൽ ടൗൺ ഹാളിലേക്ക് ആനയിക്കും. ഏഴ് മണിക്ക് സ്വീകരണ മഹാസമ്മേളനം യോഗം പ്രസിഡന്റ് ഡോ.എം.എൻ.സോമൻ ഉദ്ഘാടനം ചെയ്യും. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അദ്ധ്യക്ഷത വഹിക്കും. എറണാകുളത്തെയും മറ്റു ജില്ലകളിലെയും ആയിരക്കണക്കിന് യോഗം പ്രവർത്തകർ സ്വീകരണത്തിൽ പങ്കെടുക്കാനെത്തും. തുഷാറിനെ സ്വാഗതം ചെയ്ത് ആലുവയിലും എറണാകുളം നഗരപ്രദേശങ്ങളിലും പോസ്റ്ററുകളും ബാനറുകളും ഉയർന്നിട്ടുണ്ട്.