ആലുവ: ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ ആലുവ അദ്വൈതാശ്രമത്തിന്റെയും ഇതര ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജയന്തി മഹാഘോഷയാത്ര ഇന്ന് ആലുവയിൽ നടക്കും.
എണ്ണായിരത്തോളം പേർ ഘോഷയാത്രയിൽ പങ്കെടുക്കും. നഗരം പീതപതാകകളാൽ അലംകൃതമായി. പരിസ്ഥിതി സൗഹൃദ തോരണങ്ങളും പോസ്റ്ററുകളുമെല്ലാം നഗരത്തിൽ എവിടെയും കാണാം. ഇന്ന് വൈകിട്ട് മൂന്നിന് അദ്വൈതാശ്രമ കവാടത്തിൽ നിന്നും ഘോഷയാത്ര ആരംഭിക്കും. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഫ്ളാഗ് ഓഫ് ചെയ്യും. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ബോർഡ് മെമ്പർമാരായ വി.ഡി. രാജൻ, ടി.എസ്. അരുൺ, പി.പി. സനകൻ എന്നിവർ നേതൃത്വം നൽകും.
ടൗൺ ഹാൾ, പമ്പ് കവല, റെയിൽവേ, കെ.എസ്.ആർ.ടി.സി, ഗവ. ആശുപത്രി, കാരോത്തുകുഴി, സ്വകാര്യ ബസ് സ്റ്റാന്റ് ബാങ്ക് കവല വഴി തിരികെ അദ്വൈതാശ്രമത്തിൽ ഘോഷയാത്ര സമാപിക്കും. ഘോഷയാത്ര വിളംബര ചെയ്യുന്ന പൈലറ്റ് വാഹനത്തിന് പിന്നാലെ ശ്രീനാരായണ ഗുരുദേവ വിഗ്രഹം വഹിച്ചുള്ള രഥവും അതിന് പിന്നിൽ യൂണിയൻ നേതാക്കളും ജയന്തിയാഘോഷ കമ്മിറ്റി ഭാരവാഹികളും അണിനിരക്കും. തുടർന്ന് യൂണിയൻ പരിധിയിലെ 61 ശാഖകളിൽ നിന്നുള്ളവരും പ്രത്യേകം ബാനറിന് കീഴിലായി അണിനിരക്കും. ആദ്യം 218 -ാം നമ്പർ എടയപ്പുറം ശാഖയാണ്.
തെയ്യം, ചെണ്ടമേളം, കാവടി, പഞ്ചവാദ്യം തുടങ്ങിയ വാദ്യമേളങ്ങൾ, പൂത്താലമേന്തിയ സ്ത്രീകൾ, കേരളീയ വേഷം ധരിച്ച സ്ത്രീകൾ, നിശ്ചലദൃശ്യങ്ങൾ എന്നിവ ഘോഷയാത്രയെ ആകർഷകമാക്കും. ജയന്തിയാഘോഷത്തിന്റെ ഭാഗമായ മത്സരങ്ങളിൽ വിജയികളായ ശാഖകൾക്കുള്ള സമ്മാനദാനവും വിദ്യാഭ്യാസ പുരസ്കാര വിതരണവും സെപ്തംബർ 15ന് രാവിലെ 10ന് ആലുവ എസ്.എൻ.ഡി.പി സ്കൂളിൽ നടക്കും. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, ബെന്നി ബഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, ജി.സി.ഡി.എ ചെയർമാൻ വി. സലീം, നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം, ശ്രീനാരായണ സൗഹൃദ സമിതി പ്രസിഡന്റ് എൻ.എം. സതീഷ് എന്നിവരും പങ്കെടുക്കും.