മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന് ഇന്ന് രാവിലെ തുടക്കമാകും. 8ന് ഗുരുപൂജയും വിശേഷാൽ വഴിപാടുകളും ശ്രീകുമാരഭജന ദേവസ്വം ക്ഷേത്രത്തിൽ നടക്കും. വൈകിട്ട് 3ന് ചതയദിന ഘോഷയാത്ര ക്ഷേത്രത്തിലെ ഗുരുമണ്ഡപത്തിൽ നിന്നാരംഭിച്ച് നഗരംചുറ്റി മൂവാറ്റുപുഴ ടൗൺ ഹാളിൽ സമാപിക്കും. പൊതുസമ്മേളനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ഇൻ ചാർജ് അഡ്വ. എ.കെ. അനിൽകുമാർ സ്വാഗതം പറയും. എൽദോ എബ്രാഹാം എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. മുൻ എം.എൽ.എ ഗോപി കോട്ടമുറിക്കൽ ചതയദിന സന്ദേശം നൽകും. വിദ്യാഭ്യാസ അവാർഡുകൾ നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശിധരൻ സമ്മാനിക്കും. പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ ടി.കെ. സുരേഷ് മുഖ്യാതിഥിയാകും.
യൂണിയന്റെ കീഴിലുള്ള 31 ശാഖകളിലും ഗുരുദേവ ജയന്തി ആഘോഷം വിവിധ പരിപാടികളോടെ നടക്കും. രാവിലെ ഗുരു പൂജ, ഗുരുദേവകീർത്തനാലാപനം, തുടർന്ന് ചതയദിന ഘോഷയാത്ര, ദൈവദശകം വായന , സാംസ്‌കാരിക സമ്മേളനം, പ്രസാദഊട്ട്, ഉച്ചകഴിഞ്ഞ് ഗുരുദേവ മന്ത്രജപവുമായി യൂണിയൻ ആസ്ഥാനത്തേക്ക് ഘോഷയാത്ര.