പറവൂർ : ശ്രീനാരായണ ജയന്തി​ ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ ജയന്തിദിന ഘോഷയാത്രയും ജയന്തി സമാപന സമ്മേളനവും ഇന്ന് നടക്കും. ഉച്ചയ്ക്ക് 2.30ന് പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും. യൂണിയന്റെ കീഴിലുള്ള 72 ശാഖായോഗങ്ങളിൽ നിന്നുള്ള ശ്രീനാരായണിയർ ഘോഷയാത്രയിൽ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് ജയന്തി സമാപന സമ്മേളനം സ്വാമി ഗുരുരത്നം ജ്ഞാനതപസി ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലറും വനിതാസംഘം കേന്ദ്രസമിതി വൈസ് പ്രസിഡന്റുമായ ഇ.എസ്. ഷീബ സമ്മാനദാനവും വിശിഷ്ടവ്യക്തികളെ ആദരിക്കലും നിർവഹിക്കും. പെൻഷൻ വിതരണോദ്ഘാടനം യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി നിർവഹിക്കും.

യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.എസ്. ജയരാജ്, എം.പി. ബിനു, യൂണിയൻ കൗൺസിലർമാരായ കെ.ബി. സുഭാഷ്, വി.എൻ. നാഗേഷ്, ഡി. പ്രസന്നകുമാർ, വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ജയശ്രീ, യൂത്ത് മൂവ്മെന്റ് യൂണിയൻ സമിതി പ്രസിഡന്റ് അഡ്വ. പ്രവീൺ തങ്കപ്പൻ തുടങ്ങിയവർ സംസാരിക്കും. യൂണിയൻ സെക്രട്ടറി ഹരി വിജയൻ സ്വാഗതവും യൂണിയൻ വനിതാസംഘം ചെയർപേഴ്സൺ ജയശ്രീ നന്ദിയും പറയും.

ഗുരുദേവ സംഘമിത്രയിൽ

പാലാതുരുത്ത് - മുണ്ടുരുത്ത് ഗുരുദേവ സംഘമിത്രയിൽ ഗുരുദേവ ജയന്തി ആഘോഷം സംഘമിത്ര ഹാളിൽ നടക്കും. അഞ്ചിന് പ്രഭാതപൂജ, ആറിന് സമൂഹഹോമം, എട്ടുമുതൽ സമൂഹപ്രാർത്ഥന, ഗുരുദേവ കൃതികളുടെ പാരായണം, ഗുരുപുഷ്പാഞ്ജലി, ഗുരുപൂജ. 9.30ന് ചതയദിന സമ്മളനം ഡോ. എം. ശാർങ്‌ഗധരൻ ഉദ്ഘാടനം ചെയ്യും. സംഘമിത്ര ചെയർമാൻ എം.എ. പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിക്കും. പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ മുഖ്യപ്രഭാഷണം നടത്തും. യോഗം കൗൺസിലർ ഇ.എസ്. ഷീബ, ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ്, സംഘമിത്ര സെക്രട്ടറി എം.എം. പവിത്രൻ, വൈസ് ചെയർമാൻ കെ.ജെ. മുരളീധരൻ, ജോയിന്റ് സെക്രട്ടറി എം.ആർ. സുദർശനൻ തുടങ്ങിയവർ സംസാരിക്കും. ഉച്ചയ്ക്ക് 12.30ന് അന്നദാനം.

എച്ച്.എം.ഡി.പി സഭ

വടക്കേക്കര ഹിന്ദുമത ധർമ്മ പരിപാലന സഭയുടെ ആഭിമുഖ്യത്തിൽ ജയന്തി ആഘോഷം രാവിലെ ആറി​ന് മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രത്തിൽ വിശേഷാൽപൂജയോടെ തുടങ്ങും. 6.30ന് ഗുരുദേവ മണ്ഡപത്തിൽ ഗുരുപൂജ, 8.30ന് പതാക ഉയർത്തൽ, ഒമ്പതിന് ഘോഷയാത്ര, 10ന് ജയന്തിദിന സമ്മേളനത്തിൽ എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് ബി. രാജീവ് അദ്ധ്യക്ഷത വഹിക്കും. പൂയ്യപ്പിള്ളി തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തും. സെക്രട്ടറി ടി.എസ്. ബിജിൽകുമാർ, ആഘോഷകമ്മിറ്റി കൺവീനർ ടി.എസ്. സലീം തുടങ്ങിയവർ സംസാരിക്കും.