കൊച്ചി : ഫ്ളാറ്റ് നിർമ്മാണ കമ്പനികൾ നടത്തിയ നിയമ ലംഘനത്തിന് തങ്ങളെ കുടിയൊഴിപ്പിക്കരുതെന്ന് അഭ്യർത്ഥിച്ച് മരടിലെ ഫ്ളാറ്റുടമകൾ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കടഹർജി നൽകും. കേന്ദ്ര, സംസ്ഥാന സർക്കാരുകളും അനുകൂല ഇടപെടൽ നടത്തണമെന്ന് ഉടമകൾ ആവശ്യപ്പെട്ടു.
ഫ്ളാറ്റുടമകളെ പിന്തുണച്ച് ജസ്റ്റിസ് കെമാൽ പാഷ ഉൾപ്പെടെ നിരവധിപേർ രംഗത്ത് വന്നു.
ഫ്ളാറ്റുടമകളുടെ വാദം കേൾക്കാതെയാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും, എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചുനിൽക്കുന്ന താമസക്കാരെ അധികാരികൾ കേൾക്കണമെന്നും ഫ്ളാറ്റുടമകളെ സന്ദർശിച്ച ശേഷം കെമാൽ പാഷ പറഞ്ഞു. തിരുവോണ ദിവസം മരട് ഭവന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാലു ഫ്ളാറ്റുകളിലെയും താമസക്കാർ നഗരസഭാ ഓഫീസിന് മുമ്പിൽ പട്ടിണി സമരം നടത്തിയിരുന്നു. കുടിയൊഴിപ്പിക്കൽ നടപടികളുമായി സർക്കാരും നഗരസഭയും മുമ്പോട്ടുപോകുന്നത് പരിഗണിച്ചാണ് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഇ മെയിൽ വഴി സങ്കടഹർജി അയയ്ക്കുക. സംസ്ഥാനത്തെ മുഴുവൻ എം.എൽ.എമാർക്കും നിവേദനവും സമർപ്പിക്കും.
കേന്ദ്രം ഇടപെട്ട് നാലു ഫ്ളാറ്റുകൾക്ക് തീരദേശ പരിപാലന നിയമത്തിൽ ഇളവ് അനുവദിക്കണമെന്നും കേസിൽ സുപ്രീംകോടതിയിൽ അറ്റോർണി ജനറലിനെ നിയോഗിക്കണമെന്നും വനം -പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർക്ക് നൽകിയ നിവേദനത്തിൽ ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു.
ഫ്ളാറ്റ് നിർമ്മാണ കമ്പനികളുടെ നിയമലംഘനം ഒരു ഘട്ടത്തിലും അധികൃതരാരും തങ്ങളെ അറിയിച്ചിട്ടില്ലെന്നും, വില കൊടുത്ത് ഫ്ളാറ്റ് വാങ്ങി പത്തു വർഷത്തിലേറെയായി താമസിക്കുന്ന തങ്ങളെ കുടിയൊഴിപ്പിക്കുന്നത് അന്യായവും മനുഷ്യത്വരഹിതവുമാണെന്നും ഫ്ളാറ്റ് ഉടമകൾ പറയുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ രാവിലെ പത്തിന് മരടിലെ ഫ്ളാറ്റുകൾ സന്ദർശിക്കും. കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നവരുമായി അദ്ദേഹം ആശയവിനിമയം നടത്തും.