കൊച്ചി : കുടിയൊഴിപ്പിക്കലിനെതിരെ മരടിലെ ഫ്ളാറ്റുടമകൾ നടത്തുന്ന പോരാട്ടം പുതിയ രൂപങ്ങളിലേയ്ക്ക്. തിരുവോണനാളിൽ പട്ടിണിസമരം നടത്തിയതിന് പിന്നാലെ ഫ്ളാറ്റുടമകൾക്ക് വിവിധ സംഘടനകളും വ്യക്തികളും പിന്തുണ പ്രഖ്യാപിച്ചു. ജസ്റ്റിസ് കെമാൽപാഷ ഫ്ളാറ്റിലെത്തി. കൂടുതൽ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്. അഞ്ചു ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്ന് കാട്ടി നഗരസഭ ചൊവ്വാഴ്ച നോട്ടീസ് നൽകിയിരുന്നു.
ഐക്യദാർഢ്യവുമായി ബി.ഡി.ജെ.എസ്
തിരുവോണ ദിവസം പട്ടിണി സമരം നടത്തിയ ഫ്ളാറ്റിലെ താമസക്കാർക്ക് ബി.ഡി.ജെ.എസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നിർമ്മാണം ക്രമവത്കരിക്കുകയും നിയമലംഘനത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയും വേണമെന്ന് ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് ആവശ്യപ്പെട്ടു. മനുഷ്യായുസു മുഴുവൻ അദ്ധ്വാനിച്ച സമ്പാദ്യം ഉപയോഗിച്ചാണ് ഫ്ളാറ്റുകൾ വാങ്ങിയത്. നിർമ്മാണം അംഗീകരിച്ച് സർക്കാർ ഓക്കുപെൻസി സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. കെട്ടിട നികുതി ഈടാക്കുന്നതിനാൽ സർർക്കാരിന്റെ ബാദ്ധ്യതയിൽ നിന്നൊഴിയാൻ കഴിയില്ല. പൊളിച്ചാൽ ഉടമകൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് എം.ആർ. സത്യൻ, തൃക്കാക്കര മണ്ഡലം പ്രസിഡന്റ് കെ.എസ്. വിജയൻ, ജനറൽ സെക്രട്ടറി സി. സതീശൻ, മണ്ഡലം ഭാരവാഹികളായ ജെ. അശോകൻ, വി.ടി. ഹരിദാസ്, എം.ടി. അപ്പു, എം.കെ. ബിജു, എം.പി. ജിനീഷ്, ദീലീപ്കുമാർ, ധന്യ ഷാജി, എം.ആർ. ജയൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി
കൈയേറ്റക്കാരല്ലെന്ന് കോൺഗ്രസ്
മരടിലെ ഫ്ലാറ്റുകളിൽ താമസിക്കുന്നവർ കൈയേറ്റക്കാരോ കുടിയേറ്റക്കാരോ അല്ലെന്ന് ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് പറഞ്ഞു. സർക്കാർ സ്ഥാപനങ്ങളെ വിശ്വസിച്ചു നിയമപരമായി വാങ്ങിയ കിടപ്പാടമാണ് ഉടമകൾക്ക് അന്യാധീനപ്പെട്ടു പോകുന്നത്. ഫ്ലാറ്റുകളുടെ
ബിൽഡിംഗ് പ്ലാൻ അംഗീകരിച്ചതും കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയതും അതാതുകാലത്തെ പ്രാദേശിക സർക്കാരുകളാണ്. രജിസ്‌ട്രേഷൻ ഫീസ് നൽകി ഉടമസ്ഥാവകാശം കരസ്ഥമാക്കിയവരോട് സർക്കാരിന് ഉത്തരവാദിത്വമുണ്ട്. എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും കൊടുക്കേണ്ട നികുതികൾ നൽകി 10 വർഷം ജീവിച്ചിടങ്ങളിൽ നിന്നാണ് അവർക്ക് ഇറങ്ങിപ്പോകേണ്ടി വരുന്നത്.
തദ്ദേശ സ്വയംഭരണ സെക്രട്ടറിയും ജില്ലാ കളക്ടറും മുനിസിപ്പൽ സെക്രട്ടറിയും ഉൾപ്പെട്ട സമിതി ഫ്ലാറ്റുടമകളിൽ നിന്നും മുനിസിപ്പൽ ഭരണ സമിതിയോടും വിവരശേഖരണം നടത്താതെ സുപ്രീം കോടതിക്ക് നൽകിയ റിപ്പോർട്ട് ഗുരുതരമായ ഉത്തരവാദിത്വ ലംഘനമാണ്.
സുപ്രീം കോടതി വിധിയുടെ പേരിൽ 365 കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കിവിടുന്നത് അംഗീകരിക്കില്ലെന്നും വിനോദ് പറഞ്ഞു.