ആലുവ: വ്യവസായ തലസ്ഥാനവും ഇടുക്കി ജില്ലയുടെ ബോർഡിംഗ് സ്റ്റേഷനുമായ ആലുവ റെയിൽവേ സ്‌റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്‌റ്റോപ്പ് അനുവദിക്കുന്നതിനായി റെയിൽവേയിൽ സമ്മർദ്ദം ചെലുത്തുമെന്ന് ബെന്നി ബഹനാൻ എം.പി പറഞ്ഞു.
യു.ഡി.എഫ് മണ്ഡലം കൺവീനർ എം.കെ.എ. ലത്തീഫിന്റെ നേതൃത്വത്തിലുള്ള മുസ്ലീംലീഗ് നേതാക്കളിൽ നിന്ന് നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും റെയിൽവേ സ്‌റ്റേഷനും അടുത്തടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ യാത്രക്കാർക്ക് രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ആലുവ വഴി ട്രെയിൻയാത്ര ചെയ്യാൻ സൗകര്യവുമുണ്ട്. ഏറ്റവും കുടുതൽ ഇതര സംസ്ഥാന തൊഴിലാളികൾ വന്നെത്തുന്നതും തിരികെ പോകുന്നതുമായ സ്‌റ്റേഷനാണിത്.
ആലുവ, പെരുമ്പാവൂർ തുടങ്ങിയ മേഖലകളിലേക്കാണ് കൂടുതൽ തൊഴിലാളികൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നത്. ഇക്കൂട്ടർ കൂടുതൽ ആശ്രയിക്കുന്ന ഭൂരിഭാഗം ട്രെയിനുകൾക്കും ആലുവയിൽ സ്‌റ്റോപ്പില്ല. ഇതേത്തുടർന്ന് ചില ട്രെയിനുകൾ ഇതരസംസ്ഥാനക്കാർ ചങ്ങല വലിച്ചും നിർത്തിക്കുന്നതും പതിവാണ്. ലീഗ് നിയോജക മണ്ഡലം സെക്രട്ടറി പി.എ. താഹിർ, പി.കെ.എ. ജബ്ബാർ, എം.എസ്. ഹാഷിം, സെയ്തുകുഞ്ഞ് പുറയാർ, അക്‌സർ മുട്ടം എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.