ചാലക്കുടി: മലക്കപ്പാറയ്ക്കടുത്ത് ആനക്കയത്ത് ബസ് വരുന്നത് കണ്ട വെപ്രാളത്തിൽ ബൈക്കിൽ നിന്നും വീണ് യുവാവ് മരിച്ചു. വൈപ്പിൻ എടവനക്കാട് കൊച്ചാപ്പറമ്പിൽ ഇക്ബാലിന്റെ മകൻ റിസ്വാനാണ് (22) മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തോടെ ആനക്കയം വളവിലായിരുന്നു സംഭവം. റിസ്വാനും മൂന്നു സുഹൃത്തുക്കളും മലക്കപ്പാറയിലേക്ക് വിനോദ യാത്രയ്ക്ക് പോയതായിരുന്നു. റിസ്വാൻ തനിച്ചാണ് ബൈക്ക് ഓടിച്ചിരുന്നത്. മലക്കപ്പാറയിൽ നിന്ന് ചാലക്കുടിയിലേക്ക് വന്നിരുന്ന കെ.എസ്.ആർ.ടി.സി ബസ് അടുത്തെത്തിയപ്പോൾ യുവാവ് സൈഡ് ഒതുക്കുന്നതിനിടെ ബൈക്ക് തെന്നിവീഴുകയായിരുന്നു. നിരത്തിലൂടെ നിരങ്ങിപ്പോയ ബൈക്ക്, അപ്പോഴേക്കും ബ്രേക്കിട്ട് നിറുത്തിയ ബസിനടിയിലെത്തി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എറണാകുളത്ത് മൊബൈൽ ഷോപ്പ് ജീവനക്കാരനാണ് റിസ്വാൻ.