കൊച്ചി: അവിശ്വാസപ്രമേയം പരാജയപ്പെട്ടതോടെ സൗമിനി ജെയിന് തത്‌കാലം ആശ്വസിക്കാം. യു.ഡി.എഫിനെ മുൾമുനയിൽ നിറുത്തിയ എട്ട് കോൺഗ്രസ് കൗൺസിലർമാരും പാർട്ടിയുടെ തന്ത്രങ്ങളിൽ വരുതിയിലായി. ഇവർക്ക് എന്ത് വാഗ്ദാനമാണ് നൽകിയതെന്നാണ് ഇനി അറിയേണ്ടത്. എറണാകുളം നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ നഗരസഭയിലെ ഗ്രൂപ്പ് തർക്കങ്ങൾ ബാധിക്കാതിരിക്കാൻ കോൺഗ്രസ് നേതാക്കൾ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്.
റേ പദ്ധതിയിൽ മട്ടാഞ്ചേരിയിൽ നിർമ്മിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിന്റെ കരാറുകാരന് ഡിപ്പോസിറ്റ് തുക മേയർ സ്വന്തം ഇഷ്‌ടപ്രകാരം തിരികെ നൽകിയതിൽ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. ഈ സംഭവത്തിൽ മേയറുടെ നടപടിക്കെതിരെ എട്ട് ഭരണപക്ഷ കൗൺസിലർമാർ വിയോജനക്കുറിപ്പ് നൽകി. സൗമിനി ജെയിനെ മാറ്റി എ ഗ്രൂപ്പിൽനിന്നുതന്നെയുള്ള ഷൈനി മാത്യുവിനെ മേയറാക്കാൻ ചില കോൺഗ്രസ് നേതാക്കളും ശ്രമിച്ചിരുന്നു. ഇതെല്ലാം മുതലാക്കി രാഷ്‌ട്രീയ അട്ടിമറിയെന്ന ഇടതുമുന്നണിയുടെ സ്വപ്‌നമാണ് പൂവണിയാതെ പോയത്.
സ്വന്തം പാളയത്തിലെ എട്ടു കൗൺസിലർമാരെ കോൺഗ്രസിനും ഭയമായിരുന്നുവെന്ന് വ്യക്തം. ഭൂരിപക്ഷമുണ്ടായിട്ടും വോട്ടെടുപ്പിൽ പങ്കെടുക്കാതെ വിട്ടുനിന്നത് ഇതിന് മുന്നോടിയാണ്. ഫിനാൻസ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ സീനിയറായ രണ്ട് കോൺഗ്രസ് നേതാക്കൾ വോട്ട് അസാധുവാക്കിയതും നേതൃത്വത്തെ ചിന്തിപ്പിച്ചു. ഇതോടെ മുഴുവൻ കൗൺസിലമാരെയും വലയത്തിലാക്കി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള തന്ത്രപരമായ തീരുമാനമെടുക്കുകയായിരുന്നു. ഭരണം നഷ്‌ടമായാൽ നിയമസഭാ ഉപതിരഞ്ഞെട‌ുപ്പിൽ തിരിച്ചടിയാകുമെന്ന കെ.പി.സി.സി മുന്നറിയിപ്പ് ഗ്രൂപ്പ് നേതാക്കളെയും കൈവിട്ടകളിയിൽ നിന്ന് പിന്തിരിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പു വരെ നഗരഭരണത്തിൽ ഇനി മാറ്റത്തിന് സാദ്ധ്യതയില്ല.
ഇടതുപക്ഷ അംഗങ്ങൾക്കൊപ്പം രണ്ട് ബി.ജെ.പി അംഗങ്ങളും മേയറെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചെങ്കിലും വോട്ടെടുപ്പിൽ പങ്കെടുത്തില്ല. എൻ.സി.പി അംഗമായ ഹംസക്കുഞ്ഞും അനാരോഗ്യം മൂലം എത്തിയില്ല.

 ആരോപണങ്ങളിൽ കാമ്പില്ല
പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങളിൽ ഒന്നിലും കാമ്പില്ല. ഇതിനെല്ലാം നിരവധിതവണ കൗൺസിലിൽ മറുപടി നൽകിയതാണ്. റേ പദ്ധതിയുടെ കരാറുകാരൻ ഡിപ്പോസിറ്റ് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയപ്പോൾ ധനകാര്യ കമ്മിറ്റിയുടെ പരിഗണനയ്‌ക്ക് വിട്ടു. കമ്മിറ്റിയിലുള്ള ഭരണ - പ്രതിപക്ഷ അംഗങ്ങൾ ഐക്യകണ്‌ഠ്യേനയാണ് ജൂൺ മാസത്തിൽ അനുമതി നൽകിയത്. സെപ്‌തംബർ രണ്ടിനാണ് ചിലർ വിയോജനമറിയിച്ചത്. അപ്പോഴേക്കും നടപടി പൂർത്തിയായിരുന്നു. ഇതിന്റെയെല്ലാം തെളിവുകൾ നഗരസഭയിലുണ്ട്. ഫയലുകൾ പഠിക്കാതെയാണ് പ്രതിപക്ഷം ആരോപണമുന്നയിക്കുന്നത്. ഇതിന്റെ പിന്നിൽ രാഷ്‌ട്രീയ പാപ്പരത്തമാണ്. പാർട്ടി എന്തു പറഞ്ഞാലും അനുസരിക്കും.
സൗമിനി ജെയിൻ,
മേയർ

 ഭരണപക്ഷം ഓടിയൊളിച്ചു
അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുത്താൽ വോട്ട് മറിക്കുമോയെന്ന ഭയത്താൽ കൗൺസിലർമാരെ ഡി.സി.സി ഓഫീസിലും ഫ്ളാറ്റുകളിലും പൂട്ടിയിട്ടു, അഴിമതി ആരോപണങ്ങൾക്ക് മറുപ‌ടി നൽകാതെ ഭരണപക്ഷം ഓടിയൊളിക്കുകയാണ് ചെയ്‌തത്. യഥാർത്ഥത്തിൽ അവിശ്വാസം പാസായി. കൗൺസിലർമാർക്ക് ചില വാഗ്ദാനങ്ങൾ നൽകി തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഭൂരിപക്ഷമുണ്ടായിട്ടും സ്വന്തം കൗൺസിലർമാരെ വിശ്വസിക്കാനാവാത്ത സ്ഥിതിയിലായിരുന്നു നേതൃത്വം.