 യു.ഡി.എഫും ബി.ജെ.പിയും വോട്ടെടുപ്പിൽ പങ്കെടുത്തില്ല കൊച്ചി: മേയർ സൗമിനി ജെയിനെതിരെ ഇടതുമുന്നണി അവതരിപ്പിച്ച അവിശ്വാസപ്രമേയം പരാജയപ്പെട്ടു. 74 അംഗ കൗൺസിലിൽ 33 പേർ മാത്രമാണ് അനുകൂലിച്ച് വോട്ട് ചെയ്‌തത്. ഭരണപക്ഷമായ യു.ഡി.എഫിലെ 38 കൗൺസിലർമാർ വിട്ടു നിന്നു. രണ്ട് ബി.ജെ.പി അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തെങ്കിലും വോട്ടെടുപ്പിൽ പങ്കാളിയായില്ല. ഇടതുമുന്നണയിലെ ഘടകക്ഷിയായ എൻ.സി.പി അംഗം ഹംസകുഞ്ഞ് അനാരോഗ്യം മൂലം എത്തിയില്ല. യു.ഡി.എഫ് -38, എൽ.ഡി.എഫ്- 34, ബി.ജെ.പി രണ്ട് എന്നതാണ് കക്ഷിനില. വരണാധികാരിയായ ജില്ലാ കളക്‌ടർ എസ്. സുഹാസിന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ. യു.ഡി.എഫിലെ ഭിന്നത മുതലാക്കി വോട്ട് മറിക്കാമെന്നായിരുന്നു എൽ.ഡി.എഫ് കണക്കുകൂട്ടൽ. എന്നാൽ, മുഴുവൻ കൗൺസിലർമാരെയും ഡി.സി.സി ഓഫീസിൽ പാർപ്പിച്ച് യു.ഡി.എഫ് അവിശ്വാസത്തിൽ നിന്ന് രക്ഷപ്പെട്ടു. മേയർക്കെതിരെ അഴിമതിയാരോപണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണിയാണ് അവിശ്വാസം അവതരിപ്പിച്ചത്. ഭൂരിപക്ഷമുണ്ടായിട്ടും യു.ഡി.എഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നത് കൗൺസിലർമാരിലുള്ള വിശ്വാസക്കുറവുകൊണ്ടാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾക്കൊന്നിനും കാമ്പില്ലെന്ന് മേയർ സൗമിനി ജെയിൻ പ്രതികരിച്ചു.