കൊച്ചി: നാലു കിലാേ കഞ്ചാവുമായി ഒഡിഷ സ്വദേശികളായ ബോബി (21), ബാബു (28) എന്നിവരെ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് കോതമംഗലത്ത് നിന്ന് അറസ്‌റ്റ് ചെയ്‌തു. ബാബുവാണ് കഞ്ചാവ് എത്തിച്ചത്. കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിൽ മുമ്പ് ജോലി ചെയ്തിരുന്ന ബോബിക്ക് കഞ്ചാവ് കൈമാറുന്നതിനിടെയാണ് പ്രതികൾ വലയിലായത്. ബോബി മുമ്പും കഞ്ചാവ് കേസിൽ അറസ്റ്റിലായി വർഷങ്ങളോളം ജയിലിലായിരുന്നു.
കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എം.കാസിമിന്റെ നേതൃത്വത്തിൽ ഓണം സ്പെഷ്യൽ എൻഫോഴ്സ് മെന്റ് ഡ്രൈവിനോടനുബന്ധിച്ച് ആവിഷ്കരിച്ചിട്ടുള്ള 'ഓപ്പറേഷൻ വിശുദ്ധി'യുടെ ഭാഗമായി നടത്തിയ റെയ്ഡിലാണ് പ്രതികൾ കുടുങ്ങിയത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ പി.കെ.ബാലകൃഷ്ണൻ നായർ, പി.കെ.സുരേന്ദ്രൻ, സാജൻ പോൾ, കെ.എസ്.ഇബ്രാഹിം, സിവിൽ എക്സൈസ് ഓഫിസർമാരായ ജോമോൻ ജോർജ്ജ്, വി.സി. ദേദു, എക്സൈസ് ഡ്രൈവർ ബിജു പോൾ എന്നിവർ പങ്കെടുത്തു.