ഭൂരിഭാഗം പ്രോസ്റ്റേറ്റ് കാൻസറും 65 വയസ് പിന്നിട്ടവരിലാണ് കാണുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് ഇതിനുള്ള സാധ്യതയും കൂടുന്നു. 40 വയസിനു താഴെ ഈ കാൻസർ അപൂർവമാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന കാൻസർ അല്ലാത്ത സാധാരണ വീക്കം 50 കഴിഞ്ഞ പുരുഷൻമാരിൽ സാധാരണമാണ്. അമിതമായ മാംസാഹാരം, കൊഴുപ്പുകൂടിയ ഭക്ഷണങ്ങൾ, പഴങ്ങളുടെയും പച്ചക്കറിയുടെയും വിരളമായ ഉപയോഗം എന്നിവ പ്രോസ്റ്റേറ്റ് കാൻസറിനുള്ള സാധ്യത കൂട്ടും.
ലക്ഷണങ്ങൾ
ചിലയിനം പ്രോസ്റ്റേറ്റ് കാൻസർ ചിലപ്പോൾ വർഷങ്ങളോളം പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും കാണിക്കാതെ നിലനിൽക്കാം. ഭൂരിഭാഗവും ഗ്രന്ഥിയുടെ ബാഹ്യഭാഗത്ത് വരുന്നതിനാൽ തുടക്കത്തിൽ ലക്ഷണങ്ങൾ കാണിക്കണമെന്നില്ല. പ്രോസ്റ്റേറ്റ് കാൻസർ കടുക്കുന്നതിനനുസരിച്ച് മൂത്ര തടസം, എരിച്ചിൽ, മൂത്രം കൂടെക്കൂടെ പോകുക, അണുബാധ, രക്തത്തിന്റെ അംശം, നട്ടെല്ലിനും മറ്റ് അസ്ഥികൾക്കും വേദന, എല്ല് പൊട്ടുക, വൃക്കകളുടെ പ്രവർത്തനം തകരാറിലാവുക തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾ വന്നേക്കാം.
രോഗ നിർണയം
രോഗലക്ഷണങ്ങൾ വിലയിരുത്തിയ ശേഷം ശാരീരിക പരിശോധന, രക്തപരിശോധന, സ്കാനിംഗ്, ബയോപ്സി, പി.എസ്.എ പരിശോധന എന്നിവയിലൂടെ രോഗനിർണയം നടത്താം. കാൻസറല്ലാത്ത സാധാരണ മുഴയിലും മൂത്രതടസം, അണുബാധ തുടങ്ങിയ കാരണങ്ങളിലും രക്തത്തിൽ പി.എസ്.എ. അളവ് കൂടാം. അനുയോജ്യമായ ചികിത്സയ്ക്ക് ശേഷം ഇത് പൂർവസ്ഥിതിയിലാകും.
ചികിത്സ
പ്രാരംഭദശയിലുള്ളതിനെ സർജറിയിലൂടെ പൂർണമായും സുഖപ്പെടുത്താൻ കഴിയും. ശസ്ത്രക്രിയ സാധ്യമല്ലാത്തവർക്കും ശസ്ത്രക്രിയ വിജയിക്കാത്തവർക്കും റേഡിയേഷൻ ചികിത്സ നടത്താൻ കഴിയും.
ഡോ. ആന്റണി തോമസ്
സീനിയർ കൺസൾട്ടന്റ്,
യൂറോളജിസ്റ്റ്,
സ്പെഷ്യലിസ്റ്റ്സ്
ആശുപത്രി,
കൊച്ചി.
ഫോൺ: 8105667623