പറവൂർ : എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണഗുരു ദേവന്റെ 165-മത് ജയന്തിദിന സാംസ്കാരിക ഘോഷയാത്ര പറവൂർ പട്ടണത്തെ ജനസാഗരമാക്കി.
യൂണിയന്റെ കീഴിലുള്ള എഴുപത്തിരണ്ട് ശാഖായോഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവർത്തകർ മഞ്ഞവസ്ത്രങ്ങളും പീതപാതകളുമേന്തി ഘോഷയാത്രയിൽ അണിചേർന്നു. ഘോഷയാത്ര വൈകിട്ട് മൂന്നിന് യൂണിയൻ ഓഡിറ്റോറയിത്തിൽ നിന്നും ആരംഭിച്ചു. ആലുവ അദ്വൈതാശ്രമത്തിൽ ഗുരുദേവൻ തെളിയിച്ച കെടാവിളക്കിൽ നിന്നും പകർന്നെടുത്ത ദിവ്യജ്യോതി വഹിച്ചു കൊണ്ടുള്ള വാഹനമായിരുന്ന ഘോഷയാത്രയ്ക്ക് മുന്നിൽ. വാദ്യമേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയിൽ ഘോഷയാത്രയുടെ മുൻനിരയിൽ യൂണിയൻ പ്രസിഡന്റ് സി.എൻ.രാധാകൃഷ്ണൻ സെക്രട്ടറി ഹരി വിജയൻ, വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, യോഗം കൗൺസിലർ ഇ.എസ്. ഷീബ, ഇൻസെപ്കടറിംഗ് ഓഫീസർ ഡി. ബാബു, ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.എസ്. ജയരാജ്, എം.പി. ബിനു, യൂണിയൻ കൗൺസിലർമാരും വനിതാ സംഘം, യൂത്ത്മൂവ്മെന്റ്, വനിതാസംഘം, ഭാരവാഹികളും അണിനിരന്നു.
ഘോഷയാത്രയുടെ തുടക്കത്തിൽ ടൗൺ ശാഖയും ടൗൺ വെസ്റ്റ് ശാഖയും തൊട്ടുപിന്നിൽ അണിചേർന്നു. പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തു വെച്ച് പ്രത്യേകം ബാനറുകളിൽ യൂണിയന്റെ കീഴിലുള്ള മറ്റു ഏഴുപത് ശാഖ പ്രതിനിധികൾ അണിചേർന്നു.
വിവിധ വാദ്യമേളങ്ങൾ, ശ്രീനാരായണ ദർശനങ്ങളെ ആസ്പദമാക്കിയ നിശ്ചലദൃശ്യങ്ങൾ,നാടൻ കലാരൂപങ്ങൾ,വർണ്ണകുടകൾ, പീതവർണ ബലൂണുകൾ തുടങ്ങിയവ ഘോഷയാത്രക്ക് ദൃശ്യ-ശ്രവ്യ ചാരുത നൽകി. പീത വസ്ത്രങ്ങൾ ധരിച്ച ബാലിക ബാലൻമാരും പീതപതാകയേന്തി മഞ്ഞ സാരകൾ അണിഞ്ഞ സ്ത്രീകളും മഞ്ഞ ഷർട്ടുംമുണ്ടും ധരിച്ച പുരുഷൻമാരും അക്ഷരാർത്ഥത്തിൽ നഗരത്തെ മഞ്ഞപുതപ്പിച്ചു.
കെ.എം.കെ കവല, മുനിസിപ്പൽ കവല, കച്ചേരിപ്പടി, ചേന്ദമംഗലം കവല വഴി യൂണിയൻ ഓഡിറ്റോറയിൽ സമാപിച്ചു. നഗര വീഥികളിലെ സ്ഥാപനങ്ങളും വിവിധ സംഘടനകളും ഘോഷയാത്രയെ സ്വീകരിച്ചു. സാക്ഷ്യം വഹിക്കാൻ ജനസഹസ്രങ്ങളാണ് പാതയോരങ്ങളിൽ തടിച്ചുകൂടിയത്. മുൻനിര സമ്മേളന വേദിയായ യൂണിയൻ ഓഡിറ്റോറിയത്തിൽ എത്തിയതോടെ 28 ദിവസം നീണ്ടുനിന്ന ജയന്തി ആഘോഷങ്ങളുടെ സമാപന സമ്മേളനം ആരംഭിച്ചു. വൈകിട്ട് മൂന്നു മണിക്ക് ആരംഭിച്ച ഘോഷയാത്ര ആറരവരെ നീണ്ടുനിന്നു.