ആലുവ: 165-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സംഘടിപ്പിച്ച ജയന്തി മഹാഘോഷയാത്ര ആലുവ നഗരത്തെ പീതസാഗരമാക്കി.
അദ്വൈതാശ്രമത്തിന്റെയും ഇതര ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ജയന്തി മഹാഘോഷയാത്രയിൽ ആലുവ യൂണിയൻ പരിധിയിലെ 61 ശാഖകളിൽ നിന്നായി ആയിരക്കണക്കിന് ശ്രീനാരായണീയരാണ് പങ്കെടുത്തത്. ശ്രീനാരായണ ഗുരുദേവ വിഗ്രഹം വഹിച്ചുള്ള രഥവും പിന്നിൽ എസ്.എൻ.ഡി.പി യോഗം യൂണിയൻ നേതാക്കളും ജയന്തിയാഘോഷ കമ്മിറ്റി ഭാരവാഹികളും അണിനിരന്നു. തുടർന്ന് ശാഖകളിലും അണിചേർന്നു.
പ്രളയം, ഉരുൾപൊട്ടൽ, മാലിന്യമുക്ത കേരളം തുടങ്ങി ആനുകാലിക സംഭവങ്ങൾ ആശയമാക്കിയുള്ള നിശ്ചല ദൃശ്യങ്ങൾ, പ്രച്ഛന്ന വേഷങ്ങൾ, തെയ്യം, ചെണ്ടമേളം, കാവടി, പഞ്ചവാദ്യം തുടങ്ങിയ വാദ്യമേളങ്ങൾ, പൂത്താലമേന്തിയ സ്ത്രീകൾ, കേരളീയ വേഷം ധരിച്ച സ്ത്രീകൾ, വെള്ള മുണ്ടും ഷർട്ടും ധരിച്ച പുരുഷന്മാർ എന്നിവ ഘോഷയാത്രയെ ആകർഷകമാക്കി.
അദ്വൈതാശ്രമ കവാടത്തിൽ എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബുവിന് പീതപതാക കൈമാറി ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. അൻവർ സാദത്ത് എം.എൽ.എ, ജി.സി.ഡി.എ ചെയർമാൻ വി. സലീം എന്നിവർ പങ്കുചേർന്നു. യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ബോർഡ് മെമ്പർമാരായ വി.ഡി. രാജൻ, ടി.എസ്. അരുൺ, പി.പി. സനകൻ, കൗൺസിലർമാരായ കെ.കെ. മോഹനൻ, കെ. കുമാരൻ, സജീവൻ ഇടച്ചിറ, രൂപേഷ് മാധവൻ, കെ.ബി. അനിൽകുമാർ, വി.എ. ചന്ദ്രൻ, കെ.സി. സ്മിജൻ, വനിത സംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, സെക്രട്ടറി ബിന്ദു രതീഷ്, വൈസ് പ്രസിഡന്റ് ഷിജി രാജേഷ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അമ്പാടി ചെങ്ങമനാട്, സെക്രട്ടറി അനിത്ത് മുപ്പത്തടം, വൈസ് പ്രസിഡന്റ് നിബിൻ നൊച്ചിമ, ജോ.സെക്രട്ടറി അഖിൽ, അദ്വൈതാശ്രമം ഭക്തജന സമിതി കൺവീനർ എം.വി. മനോഹരൻ എന്നിവർ നേതൃത്വം നൽകി. നഗരംചുറ്റിഘോഷയാത്ര അദ്വൈതാശ്രമത്തിൽ സമാപിച്ചു.
അനുമോദന സമ്മേളനം നാളെ
ജയന്തിയാഘോഷത്തിന്റെ ഭാഗമായി മത്സരങ്ങളിൽ വിജയികളായ ശാഖകൾക്ക് ആലുവ യൂണിയന്റെ സമ്മാന വിതരണവും വിദ്യാഭ്യാസ പുരസ്‌കാര വിതരണവും നാളെ രാവിലെ 8.30ന് ആലുവ എസ്.എൻ.ഡി.പി സ്‌കൂളിൽ നടക്കും. യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു അദ്ധ്യക്ഷത വഹിക്കും. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, ബെന്നി ബഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, ജി.സി.ഡി.എ ചെയർമാൻ വി. സലീം, നഗരസഭ ചെയർപേഴ്‌സൺ ലിസി എബ്രഹാം, യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, ശ്രീനാരായണ സൗഹൃദ സമിതി പ്രസിഡന്റ് എൻ.എം. സതീഷ് എന്നിവരും പങ്കെടുക്കും.