കൊച്ചി: "ഉറങ്ങാൻ കഴിയുന്നില്ല, രാത്രിയിൽ ഞെട്ടി ഉണരുന്നു, ഭക്ഷണം കഴിക്കാനും പറ്റുന്നില്ല." മരടിലെ ഫ്ളാറ്റുകളിലെ കുട്ടികൾ പറയുന്നു.
ഞങ്ങൾ ഓണം ആഘോഷിച്ചില്ല. തിരുവോണ ദിവസം മരട് മുനിസിപ്പാലിറ്റിക്കു മുന്നിൽ നിരാഹാര സത്യാഗ്രഹത്തിലായിരുന്നു. 'പൊളിക്കാൻ പോകുന്ന ഫ്‌ളാറ്റിലെ കുട്ടിയാണ് ' എന്നു കൂട്ടുകാർ കളിയാക്കിയതായി കോളേജ് വിദ്യാർത്ഥിനി പരാതിപ്പെട്ടു.
എറണാകുളം ജില്ലാ ശിശുക്ഷേമ സമിതി ഭാരവാഹികൾ മരട് ഫ്‌ളാറ്റിലെ കുട്ടികളെ സന്ദർശിച്ചപ്പോഴാണ് കുട്ടികൾ വേദനകൾ പങ്കിട്ടത്.
ഫ്‌ളാറ്റുകൾ പൊളിച്ചു മാറ്റണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഏറ്റവും കൂടുതൽ മാനസിക സംഘർഷം അനുഭവിക്കുന്നത് കുട്ടികളാണ്. 18 വയസിനു താഴെയുള്ള 300 ലധികം പേർ ഫ്ളാറ്റുകളിലുണ്ട്.
ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡണ്ട് അഡ്വ. കെ.എസ് അരുൺകുമാർ, ട്രഷറർ പ്രൊഫ. ഡി സലിംകുമാർ, എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ രശ്മി ആസാദ്, ജയാ പരമേശ്വരൻ എന്നിവർ
കുട്ടികളുമായി ഒരു മണിക്കൂറോളം സംസാരിച്ചു.
കിടപ്പാടം നഷ്ടപ്പെടാൻ പോകുന്നതിന്റെ പേരിൽ കടുത്ത മാനസിക സംഘർഷത്തിന് അയവു വരുത്താൻ എല്ലാ സഹായവും നൽകും. അവശ്യമായ കുട്ടികൾക്ക് കൗൺസിലിംഗ് നൽകുമെന്ന് സമിതി വൈസ് പ്രസിഡന്റ് അഡ്വ. കെ.എസ് അരുൺകുമാർ പറഞ്ഞു.