mahilamani
മഹിളാമണി

കൊച്ചി: മരണത്തെ മുന്നിൽക്കണ്ട അറുപത്തിമൂന്നുകാരനെ ജീവിതത്തിലേക്ക്‌ തിരികെയെത്തിച്ച് പൊലീസുകാരി താരമായി. പോണേക്കര മാനംചാത്ത്‌ കെ ബി. ബാബുവിനാണ് (63) ട്രാഫിക്‌ പൊലീസുകാരിയായ പി.ഡി. മഹിളാമണി രക്ഷകയായത്‌.
ഇന്നലെ രാവിലെ 10.30ന്‌ കലൂർ മാർക്കറ്റിന് മുന്നിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ബാബു കുഴഞ്ഞു വീണത്. നടക്കുന്നതിനിടെ പ്രയാസം തോന്നിയ ബാബു അവിടെ ട്രാഫിക് നിയന്ത്രിച്ചിരുന്ന മഹിളാമണിയുടെ കൈകളിൽ മുറുകെ പിടിച്ചു. നെഞ്ചു വേദനിക്കുന്നുവെന്ന് പറഞ്ഞതോടെ റോഡിന്‌ സമീപത്തായി ഇരുത്തി. ഹോട്ടലിൽ നിന്നും വെള്ളം വാങ്ങി കൊടുത്തെങ്കിലും ചർദ്ദിച്ചു. ബോധം മറയുന്നതിന്‌ മുമ്പേ ബാബുവിൽ നിന്നും ബന്ധുക്കളുടെ ഫോൺ നമ്പർ മഹിളാമണി വാങ്ങി . ഉടൻ ഓട്ടോ വിളിച്ച്‌ ഒറ്റയ്‌ക്ക്‌ എറണാകുളം ലിസി ആശുപത്രിയിലെത്തിച്ചു.
അത്യാഹിത വിഭാഗത്തിലെ പരിശോധനയിൽ ഹൃദയത്തിൽ രണ്ട്‌ ബ്ലോക്കുണ്ടെന്നും പെട്ടെന്ന്‌ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായെന്നും ഡോക്‌ടമാർ പറഞ്ഞു. മഹിളാമണി അറിയിച്ചതിനുസരിച്ച്‌ ബാബുവിന്റെ ഭാര്യ ശാന്തിനിയും മക്കളും ആശുപത്രിയിലെത്തി. ആൻജിയോഗ്രാം കഴിഞ്ഞ്‌ ആറു മണിക്കൂർ നിരീക്ഷണത്തിലാണ്‌ ബാബു. ബന്ധുക്കളെത്തിയശേഷമാണ്‌ മഹിളാമണി തിരിച്ച്‌ ഡ്യൂട്ടിക്ക് പോയത്.
റോഡിൽ കൊഴിഞ്ഞുപോകുമായിരുന്ന അപരിചിതനായ ഒരു മനുഷ്യനെ താങ്ങിയെടുത്ത്‌ ജീവിതത്തിലേക്ക്‌ തിരികെയെത്തിച്ച മഹിളാമണിയെ സഹപ്രവർത്തകരും ഇടപ്പള്ളി ട്രാഫിക്‌ പൊലീസ് അസി.കമ്മിഷണർ ഫ്രാൻസിസ്‌ ഷെൽബിയും അഭിനന്ദിച്ചു. ബാബുവിന്റെ കുടുംബാംഗങ്ങളും നന്ദി പറഞ്ഞു. 19 വർഷമായി പൊലീസ്‌ സേനയിലെത്തിയ മഹിളാമണി ഇടപ്പള്ളി ഈസ്‌റ്റ്‌ ട്രാഫിക്‌ സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ്‌ ഓഫീസറാണ്‌. ചേർത്തല സ്വദേശിയായ ഇവർ എറണകുളത്തെ പൊലീസ്‌ ക്വാട്ടേഴ്സിലാണ് താമസം.