കോലഞ്ചേരി: ഇടവകയിൽ ഭൂരിപക്ഷമുണ്ടാക്കി നഷ്ടപ്പെട്ട പള്ളികൾ തിരിച്ചു പിടിക്കാൻ യാക്കോബായ വിശ്വാസികൾ തയ്യാറെടുക്കുന്നു. സുപ്രീം കോടതി വിധിയനുസരിച്ച് പള്ളി പ്രവേശത്തിന് 1934 ലെ ഭരണ ഘടന അംഗീകരിക്കണം. ഇത് അനുസരിച്ച് ഓർത്തഡോക്സ് വികാരിയുടെ സാന്നിധ്യത്തിൽ കുമ്പസാരിച്ച് കുർബാന കൊള്ളണം. ഈ വ്യവസ്ഥ പാലിച്ച ശേഷം ഇടവക തിരഞ്ഞെടുപ്പ് നടത്തി മത്സരിച്ച് പള്ളി നിയന്ത്രണം പിടിക്കാനാണ് ആലോചനകൾ. മിക്കവാറും പള്ളികളിൽ യാക്കോബായ പക്ഷത്തിന് മൃഗീയ ഭൂരിപക്ഷമുണ്ട്. അതുകൊണ്ടു തന്നെ സാങ്കേതികളമായി സഭ മാറിയാലും പള്ളിയുടെ നിയന്ത്രണം തങ്ങളുടെ പക്കൽ തന്നെ നിലനിറുത്താമെന്നതാണ് നേട്ടം. ഈ നീക്കത്തിന് യാക്കോബായ സഭാ നേതൃത്വം പിന്തുണ നൽകുന്നില്ലെങ്കിലും ഇടവക തലത്തിൽ കാര്യങ്ങൾ വ്യത്യസ്ഥമാണ്.
പെരുമ്പാവൂർ ബഥേൽ സുലേക്കോ, പഴന്തോട്ടം സെന്റ്‌മേരീസ് ഇടവകകളിലെ യാക്കോബായ വിശ്വാസികൾ 1934ലെ ഭരണഘടനയനുസരിച്ച് തങ്ങളുടെ ഇടവകയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ജില്ലാ കോടതിയെ സമീപിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ മറ്റ് ഇടവകകളും കോടതിയിലെത്തുമെന്നാണ് വിവരം.
യാക്കോബായ സഭയുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന നിലപാടാണെങ്കിലും കോടികൾ മുടക്കിയ പള്ളി നഷ്ടമാകുന്നതും പൂർവികരുറങ്ങുന്ന സെമിത്തേരികളുടെ പ്രശ്നവും വൈകാരിക നിലപാടുകളും വിശ്വാസികളെ നിയമപഴുതുകളിലേക്ക് നയിക്കുകയാണ്. ഇങ്ങിനെ സംഭവിച്ചാൽ മലങ്കര സഭയിലിൽ മൂന്നാമതൊരു പക്ഷം കൂടി ഉദയം ചെയ്യാനും സാദ്ധ്യതയുണ്ട്.
ഓർത്തഡോക്‌സ് സഭയുടെ 1934 ലെ മലങ്കര സഭാ ഭരണഘടനയനുസരിച്ച് മലങ്കരയിലെ 1064 പള്ളികളും ഭരിക്കണമെന്ന സുപ്രീം കോടതി വിധിയാണ് ഇപ്പോഴത്തെ നിയമ നടപടികൾക്കാധാരം. വിധിയെ തുടർന്ന് തങ്ങൾക്ക് ഭൂരിപക്ഷമുള്ള 24 ഇടവകകൾ യാക്കോബായ സഭക്ക് നഷ്ടമായി.
സുപ്രീം കോടതിയുടെ ആവർത്തിച്ചുള്ള വിധികളുടെ അടിസ്ഥാനത്തിൽ 1934ലെ ഭരണഘടന അംഗീകരിക്കാത്ത നിയമ നടപടികൾക്ക് പ്രസക്തിയില്ലെന്ന തിരിച്ചറിവും ഇതിന് കാരണമായിട്ടുണ്ട്. യാക്കോബായ സഭാ നേതൃത്വത്തിന്റെ അംഗീകാരത്തിനൊന്നും കാക്കാതെയാണ് വിശ്വാസികൾ ഇടവക തലത്തിൽ സ്വന്തം നിലക്ക് നിയമ നടപടികൾ ആരംഭിച്ചത്. ഇതേ സമയം പാത്രിയാർക്കീസ് ബാവയെ അംഗീകരിക്കാത്തിടത്തോളം കാലം 1934ലെ ഭരണഘടന അംഗീകരിക്കുന്നതിൽ പ്രസക്തിയില്ലെന്നാണ് യാക്കോബായ പക്ഷത്തിന്റെ ഔദ്യോഗീക നിലപാട്.
ഏതായാലും ഭരണഘടന അംഗീകരിച്ച് കൂടുതൽ യാക്കോബായ ഇടവകകൾ നിയമ നടപടിക്കെത്തുന്നത് സഭാ തർക്കത്തിൽ പുതിയ വഴിതിരിവാകും