കൊച്ചി: താമസം മാറാൻ നഗരസഭ നൽകിയ നോട്ടീസിലെ സമയപരിധി നാളെ അവസാനിക്കാനിരിക്കെ ഒഴി
യില്ലെന്ന നിലപാടിൽ ഉറച്ച് മരടിലെ ഫ്ളാറ്റ് ഉടമകൾ. നോട്ടീസ് കൈപ്പറ്റിയ 12 ഫ്ളാറ്റുടമകൾ ഒഴിയില്ലെന്ന് നഗരസഭാ സെക്രട്ടറിയെ രേഖാമൂലം അറിയിച്ചു. പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ട ഫ്ളാറ്റുകളിലെ താമസക്കാർ ഇന്ന് യോഗം ചേർന്ന് ഭാവിപരിപാടികൾ തീരുമാനിക്കും.
തീരദേശ പരിപാലന നിയമം ലംഘിച്ചു നിർമ്മിച്ച ഫ്ളാറ്റുകൾ പൊളിക്കാനാണ് സുപ്രീം കോടതി അന്ത്യശാസനം നൽകിയത്. ചീഫ് സെക്രട്ടറി നേരിട്ടെത്തി നിർദ്ദേശം നൽകിയതിനെ തുടർന്ന് ഒഴിയാൻ നഗരസഭ നോട്ടീസ് പതിച്ചിരുന്നു. പൊളിക്കാൻ ഉത്തരവിട്ട കെട്ടിടങ്ങളിൽ ഒന്നായ ഗോൾഡൻ കായലോരത്തിലെ ഉടമകൾ മാത്രമാണ് നഗരസഭയുടെ നോട്ടീസ് കൈപ്പറ്റിയത്. കായലോരത്തെ 12 ഫ്ളാറ്റുടമകളും താമസക്കാരുടെ അസോസിയേഷനും ഒഴിയില്ലെന്ന് സെക്രട്ടറിക്ക് കത്തു നൽകി.
നിയമപരമായല്ല നോട്ടീസ് നൽകിയതെന്ന് മറുപടിയിൽ വിശദീകരിച്ചിട്ടുണ്ട്. തീരദേശ പരിപാലന നിയമം നിലവിൽ വരും മുമ്പ് നിർമ്മാണം ആരംഭിച്ച ഫ്ളാറ്റിന് ഉത്തരവ് ബാധകമല്ലെന്ന് അവർ പറയുന്നു. കായലോരം ഉടമകളുടെ മറുപടി ലഭിച്ചതായി നഗരസഭാ സെക്രട്ടറി ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു.
ബലം പ്രയോഗിച്ചാലും ഒഴിയില്ലെന്ന് ഹോളി ഫെയ്‌ത്ത് എച്ച്.ടു.ഒവിലെ താമസക്കാരുടെ സംഘടനാ പ്രതിനിധി ബിനോജ് പറഞ്ഞു. തങ്ങൾ നോട്ടീസ് കൈപ്പറ്റിയിട്ടില്ല. നോട്ടീസ് നൽകും മുമ്പ് തങ്ങളുടെ ഭാഗം കേട്ടിട്ടില്ല. ഇറങ്ങിപ്പോകുന്ന പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കൾ ഇന്നെത്തും
ഫ്ളാറ്റ് ഉടമകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ ഇന്ന് മരടിലെത്തും. നഗരസഭയിലേക്ക് സി.പി.എം സംഘടിപ്പിക്കുന്ന മാർച്ചിൽ കോടിയേരി പങ്കെടുക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരൻപിള്ളയും ഇന്ന് ഫ്ളാറ്റുടമകളെ സന്ദർശിക്കുന്നുണ്ട്.
ഉടമകളുടെ വാദങ്ങൾ
അഞ്ചു ദിവസത്തിനകം ഒഴിയണമെന്ന നോട്ടീസ് നിയമപരമല്ല.
നോട്ടീസ് നൽകും മുമ്പ് താമസക്കാരുടെ ഭാഗം കേട്ടിട്ടില്ല.
ഒഴിപ്പിക്കും മുമ്പ് താമസക്കാരുടെ വാദം കേൾക്കണമെന്ന് മറ്റൊരു കേസിൽ സുപ്രീം കോടതി നിർദ്ദേശമുണ്ട്.
അഞ്ചു ദിവസത്തിനകം പകരം സ്ഥലം കണ്ടെത്താൻ കഴിയില്ല.
ഫ്ളാറ്റ് നിർമ്മാതാക്കൾ നിയമം ലംഘിച്ചതിന് വാങ്ങിയവർ ഉത്തരവാദികളല്ല.
ഇന്നും നിരാഹാരം
ഒഴിപ്പിക്കൽ ഭീഷണി നേരിടുന്ന ഫ്ളാറ്റുടമകൾ ഇന്നും നഗരസഭാ ഓഫീസിനു മുന്നിൽ നിരാഹാര സമരം നടത്തും. നാലു ഫ്ളാറ്റുകളിലെയും ഉടമകൾ പങ്കെടുക്കും. വൈകിട്ട് നാലിന് എച്ച്.ടു.ഒയിൽ ചേരുന്ന യോഗത്തിൽ അടുത്ത നടപടി ചർച്ച ചെയ്യും.