കൊച്ചി: കേന്ദ്രമോട്ടോർ വാഹന നിയമഭേദഗതിയുടെ അടിസ്ഥാനത്തിലുള്ള പിഴത്തുക നടപ്പാക്കിയാൽ കൊച്ചി ,വല്ലാർപ്പാടം തുറമുഖങ്ങളിലൂടെയുള്ള ചരക്ക് നീക്കം തകർക്കപ്പെടുമെന്ന് കണ്ടെയ്‌നർ മോണിട്ടറിംഗ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. നിലവിലുള്ള കേന്ദ്രനിരക്ക് പ്രകാരമുള്ള പിഴത്തുക ഈടാക്കിയാൽ ദിനംപ്രതി അരലക്ഷം രൂപ വരെ പിഴയൊടുക്കേണ്ട അവസ്ഥയിലേക്ക് വാഹന ഉടമകൾ എത്തിച്ചേരും. കേരളം പിഴത്തുക പകുതിയാക്കി കുറയ്ക്കാൻ തീരുമാനിച്ചുവെങ്കിലും ഈ തുക പോലും മേഖലയ്ക്ക് താങ്ങാനാകില്ല. തുറമുഖവുമായി ബന്ധപ്പെട്ട ചരക്ക് നീക്കത്തിനുള്ള പിഴത്തുക ഒഴിവാക്കണമെന്ന് കമ്മിറ്റി ജനറൽ കൺവീനർ ചാൾസ് ജോർജ് സർക്കാരിനോട് ആവശ്യപ്പെട്ടു.