കൊച്ചി: റേ ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് കരാർ ലംഘിച്ച കരാറുകാരന് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയായ 91 ലക്ഷം രൂപ തിരിച്ചു കൊടുത്തത് ധനകാര്യ സമിതിയുടെ തിരുമാനത്തിന്റെ ഭാഗമായിട്ടാണെന്ന മേയറുടെ പ്രസ്താവന ശരിയല്ലെന്ന് പ്രതിപക്ഷ കൗൺസിലർ വി.പി.ചന്ദ്രൻ പറഞ്ഞു. അവിശ്വാസ സമ്മേളനത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മേയർ ഇക്കാര്യം സൂചിപ്പിച്ചത്. ധനകാര്യ സമിതിയിൽ എൽ. ഡി. എഫ് അംഗങ്ങൾ മുൻകൂർ അനുമതി നൽകുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇനി അഥവാ ശുപാർശ ചെയ്തിട്ടുണ്ടെങ്കിൽ തന്നെ അത് കൗൺസിലിന്റെ അംഗികാരത്തിനാണ്. അല്ലാതെ മുൻകൂർ തുക നൽകാനല്ലെന്നും ചന്ദ്രൻ ചൂണ്ടിക്കാട്ടി.
സ്റ്റാൻഡിംഗ് കമ്മിറ്റി തിരുമാനങ്ങൾ പലപ്പോഴും കൗൺസിലിൽ വരുമ്പോൾ അതിൽ തെറ്റുണ്ടെങ്കിൽ തിരുത്തുന്ന സാഹചര്യം ഉണ്ടാവാറുണ്ട്.കരാർ കാലാവധിയിൽ നിർമ്മാണം പൂർത്തിയാക്കാതെ കരാർ വ്യവസ്ഥകൾ ലംഘിച്ച കരാറുകാരന് സെക്യൂരിറ്റി
ഡെപ്പോസിറ്റ് തുക തിരിച്ചുനൽകുകയെന്നത് നിയമ വിരുദ്ധമാണ്. ഇത്തരത്തിലൊരു തീരുമാനം ധനകാര്യ സമിതി ശുപാർശ ചെയ്താലും അത് കൗൺസിൽ അംഗികരിച്ചാലും നിയമപരമാകില്ല. കൗൺസിൽ അംഗീകരിക്കുന്നപക്ഷം ആ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്ന കൗൺസിലർമാർക്ക് അത് പിന്നിട് ബാധ്യതയായി മാറും.ഇത് മനസ്സിലാക്കിയാണ് അജണ്ട കൗൺസിൽ യോഗത്തിൽ വന്നപ്പോൾ മിനിമോൾ ഉൾപ്പെടെയുള്ള ഏഴ് യു .ഡി .എഫ് അംഗങ്ങൾ വിയോജിപ്പ് എഴുതി നൽകിയത്.
താൻ എടുത്ത തീരുമാനങ്ങൾ ശരിയാണെന്ന് ബോധ്യമുണ്ടെങ്കിൽ അവിശ്വാസ പ്രമേയചർച്ചയിൽ പങ്കെടുത്ത് മേയർ അക്കാര്യങ്ങൾ വ്യക്തമാക്കുകയാണ് വേണ്ടിയിരുന്നത്. വി.പി.ചന്ദ്രൻ പറഞ്ഞു.