മൂവാറ്റുപുഴ: ബൈപാസിന്റെ ഭൂമി സംബന്ധിച്ച രേഖകളിലെ അവ്യക്തത നീങ്ങിയെന്നും ഏറ്റെടുത്ത സ്ഥലങ്ങളിലെ ഭൂ ഉടമകൾക്ക് പണം നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ അടുത്ത ഘട്ടത്തിൽ ആരംഭിക്കുമെന്നും ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു. ബൈപാസ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുമെന്നും കളക്ടർ പറഞ്ഞു. എൽദോ എബ്രഹാം എം.എൽ.എ,ആർ.ഡി.ഒ എം.ടി അനിൽകുമാർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽനടന്ന അവലോകന യോഗത്തിന് ശേഷമാണ് കളക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. . ബൈപാസ് നിർമ്മാണത്തിന്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടാണ് യോഗം ചേർന്നത്. രാവിലെ മൂവാറ്റുപുഴയിലെത്തിയ കളക്ടർ മൂവാറ്റുപുഴ ബൈപാസിന്റെ പാലവും, സ്ഥലവും, ടൗൺ വികസനവുമായി ബന്ധപ്പെട്ട് നിർമ്മാണം നടക്കുന്ന സ്ഥലവും സന്ദർശിച്ച ശേഷമാണ് അവലോകന യോഗത്തിനെത്തിയത്. ബൈപാസ് നിർമ്മാണത്തിന്റെ ഭാഗമായി സ്ഥലം അളന്ന് തിട്ടപ്പെടുത്തി സർവ്വേ കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ കഴിഞ്ഞ മാസം പൂർത്തിയാക്കിയിരുന്നു. മൂവാറ്റുപുഴയാറിന് കുറുകെ മുറിക്കല്ലിൽ നേരത്തെ പൂർത്തിയാക്കിയപാലത്തിന്റെ ഇരുവശങ്ങളിലേയ്ക്കുമുള്ള റോഡിന്റെ നിർമാണമാണ് ഇനി പൂർത്തിയാക്കാനുള്ളത്. ഇതിനായി 50 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. അപ്രോച്ച് റോഡിന് ഭൂമിയേറ്റെടുക്കുന്നതിനും നിർമാണ പ്രവർത്തനങ്ങൾക്കുമാണ് തുക അനുവദിച്ചിരിക്കുന്നത്. പാലത്തിന്റെ ഒരു വശത്ത് വെള്ളൂർകുന്നം വില്ലേജിന്റെ പരിധിയിൽ വരുന്ന 400 മീറ്റർ സ്ഥലമെടുപ്പ് പൂർത്തിയായി. ഇനി ഒരാളുടെ ഭൂമി മാത്രമാണ് ഏറ്റെടുക്കാനുള്ളത്. പാലത്തിന്റെ മറുവശം മാറാടി വില്ലേജിന്റെ അധീനതയിലാണ്. 130 കവല മുതൽ പാലം വരെയുള്ള പ്രദേശത്തെ 1.6 കിലോമീറ്റർ ദൂരമാണുള്ളത്. 1.26 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ബൈപാസ് നിർമ്മാണത്തിനായി ഭൂമി പരിവർത്തനം ചെയ്യുന്നതിന് പ്രാദേശിക ഭൂമി പരിവർത്തന കമ്മിറ്റി തയ്യാറാക്കി സമർപ്പിച്ച റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയിലാണ്.
സർവേക്കല്ലുകൾ പുന:സ്ഥാപിച്ചു
മുറിക്കല്ലിൽ പാലം നിർമ്മാണം പൂർത്തിയാക്കി
കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ കടാതിയിൽ നിന്നു ആരംഭിച്ച് എംസി റോഡിൽ 130 ജംഗ്ഷനിൽ എത്തിച്ചേരുന്നതാണ് ബൈപാസ് .
സർവ്വേ കല്ലുകൾ സ്ഥാപിച്ചു
സർക്കാർ അനുവദിച്ചത്50 കോടി രൂപ