കൊച്ചി: മൊബൈൽ ടവറുകൾക്ക് പകരം പോളുകളും ഭൂഗർഭ കേബിളുകളും സ്ഥാപിക്കുന്നതിനുള്ള സ്മാർട്ട് പോൾ പദ്ധതിക്ക് വീണ്ടും ടെൻഡർ വിളിക്കും. കേന്ദ്ര സ്മാർട്ട്സിറ്റി പദ്ധതിയുടെ ഭാഗമായി കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് ( സി.എസ്.എം.എൽ ) ആണ് ബൃഹത്തായ ഈ പദ്ധതി നടപ്പാക്കുന്നത്. ടവറുകൾക്കു പകരം ഇന്റർനെറ്റും അനുബന്ധ സേവനങ്ങളും ഇന്റലിജന്റ് സ്മാർട്ട് പോൾ എന്ന പേരിൽ നടപ്പാക്കുന്നതാണ് പദ്ധതി. തെരുവ് വിളക്കുകൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി പോളുകൾ ഉപയോഗിക്കാം.

ആദ്യം നടത്തിയ ടെൻഡറിൽ ഒരു സ്വകാര്യ കമ്പനി മാത്രമാണ് പങ്കെടുത്തത്. ഇതേതുടർന്ന് ടെൻഡർ നടപടികൾ റദ്ദാക്കാൻ മന്ത്രി എ.സി.മൊയ്തീൻ നിർദേശം നൽകുകയായിരുന്നു.

# പദ്ധതിതുക: 310 കോടി

പൊതു സ്വകാര്യ പങ്കാളിത്തം

600 പോളുകൾ അഥവാ തൂണുകളും 400 കിലോ മീറ്റർ ദൂരത്തിൽ ഭൂഗർഭ കേബിളുകളും സ്ഥാപിക്കും

പോളുകൾക്ക് 9 -12 മീറ്റർ വരെ ഉയരം ഉണ്ടാവും. ഇത് 25- 30 മീറ്റർ വരെയാകാനും സാധ്യത

# കോർപ്പറേഷനോട് സ്വകാര്യ കമ്പനി ആവശ്യപ്പെട്ടത്

പദ്ധതിക്ക് അനുമതി നൽകുക

പുതിയ ടെലികോം ടവറുകൾ സ്ഥാപിക്കുന്നതിന് ഇനിമുതൽ മറ്റ് കമ്പനികൾക്ക് അനുമതി നൽകരുത്

ഏകജാല സംവിധാനം

ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിടുന്നതിന് ഐ.ടി. വിഭാഗത്തോട് ശുപാർശ ചെയ്യണം

പെർമിറ്റ് ഫീസ്, റോഡ് പുനരുദ്ധാരണ ഫീസ് എന്നിവ ഒഴിവാക്കുക

# നഷ്ടകച്ചവടമെന്ന് മേയർ

ടെൻഡറിൽ പങ്കെടുത്ത സ്വകാര്യകമ്പനിയിൽ നിന്ന് കോർപ്പറേഷന് മുമ്പ് ചില മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. റോഡ് പുനരുദ്ധാരണ ചെലവും നികുതിയും ഒഴിവാക്കണമെന്ന കമ്പനിയുടെ അഭിപ്രായത്തോട് ശക്തമായ വിയോജിപ്പുണ്ട്. സ്മാർട്ട് പോളിന്റെ കുത്തകാവകാശം ലഭിച്ചാൽ മറ്റു ടെലികോം കമ്പനികളിൽ നിന്ന് അവർക്ക് വാടക ഈടാക്കാം . എല്ലാ വിധത്തിലും കോർപ്പറേഷന് ഇത് നഷ്ടകച്ചവടമാണ്.

സൗമിനി ജെയിൻ

കൊച്ചി മേയർ

# പ്രതിപക്ഷത്തിനും വിയോജിപ്പ്

സ്മാർട്ട് പോൾ സ്ഥാപിക്കുന്നതോടെ പുതിയ ടെലികോം ടവറുകൾക്ക് കോർപ്പറേഷൻ അനുമതി നൽകരുതെന്ന വ്യവസ്ഥ അംഗീകരിച്ചാൽ മറ്റൊരു സാങ്കേതികവിദ്യയും നഗരത്തിൽ വരില്ല. പദ്ധതിക്ക് എതിരല്ല. പക്ഷേ, ചട്ടങ്ങളിൽ ഇളവും റോഡ് പുനരുദ്ധാരണ ഫീസും പെർമിറ്റ് ഫീസും ഒഴിവാക്കണമെന്ന നിർദേശത്തിനു പിന്നിൽ സാമ്പത്തിക താൽപ്പര്യങ്ങളുണ്ടെന്ന് സംശയമുണ്ട്.

കെ .ജെ .ആന്റണി

കോർപ്പറേഷൻ പ്രതിപക്ഷനേതാവ്

# ഈയാഴ്ച ടെൻഡർ വിളിക്കും

ആദ്യ ടെൻഡറിൽ പങ്കെടുത്ത സ്വകാര്യ കമ്പനിയുടെ ചില ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ബോധ്യമായതോടെ ടെൻഡർ നടപടിക്രമങ്ങൾ റദ്ദാക്കി. ഈയാഴ്ച തന്നെ പുതിയ ടെൻഡർ വിളിക്കും

എ.പി.എം മുഹമ്മദ് ഹനീഷ്

സി.എസ്.എം.എൽ. എം.ഡി