കൊച്ചി : മരടിലെ ഫ്ളാറ്റുടമകളെ സംരക്ഷിക്കാൻ രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിൽ നിന്ന് മുറവിളി ശക്തമാകുന്നതിനിടെ, പൊളിച്ചുനീക്കൽ നടപടികളിൽ സർക്കാരിന്റെ തീരുമാനം നിർണായകമാകും.
ഇതുവരെ സ്വീകരിച്ച നടപടികൾ വിവരിച്ച് ചീഫ് സെക്രട്ടറിക്ക് ഉൾപ്പെടെ റിപ്പോർട്ട് നൽകിയ മരട് നഗരസഭ തുടർനടപടി സർക്കാർ തീരുമാനത്തിന് വിട്ടു.
തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച അഞ്ച് ഫ്ളാറ്റുകൾ ഈമാസം 20 നകം പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പ്രകാരം ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് നഗരസഭ നൽകിയ നോട്ടീസിന്റെ കാലാവധി ഇന്ന് അവസാനിക്കും. ഒഴിയില്ലെന്ന നിലപാടിലാണ് ഫ്ളാറ്റുടമകൾ. ഒരു താമസക്കാർ പോലും ഇതുവരെ ഫ്ളാറ്റ് വിട്ടുപോയിട്ടില്ല. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കി ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടർ, എറണാകുളം ജില്ലാ കളക്ടർ എന്നിവർക്ക് മരട് നഗരസഭ റിപ്പോർട്ട് സമർപ്പിച്ചു. ഇതു സംബന്ധിച്ച് മറുപടിയോ കൂടുതൽ നിർദ്ദേശങ്ങളോ ലഭിച്ചിട്ടില്ലെന്ന് നഗരസഭാ ചെയർപേഴ്സൺ ടി.എച്ച്. നാദിറ പറഞ്ഞു. ജില്ലാ കളക്ടർ എസ്. സുഹാസുമായി ഇന്ന് ചർച്ച നടത്തും. സർക്കാർ നിർദ്ദേശം അനുസരിച്ചേ അടുത്ത നടപടി സ്വീകരിക്കൂ. നഗരസഭയ്ക്ക് തനിച്ച് ചെയ്യാൻ കഴിയുന്നതല്ല സാഹചര്യങ്ങളെന്ന് അവർ പറഞ്ഞു.
പൊളിക്കാൻ ആളുണ്ട്
ഫ്ളാറ്റുകൾ പൊളിക്കാൻ താത്പര്യം പ്രകടിപ്പിച്ച് കമ്പനികളെത്തിയിട്ടുണ്ട്. പൊളിക്കൽ കരാറിനായി നഗരസഭ താത്പര്യപത്രം ക്ഷണിച്ചിരുന്നു. നാളെ വൈകിട്ട് അഞ്ച് വരെയാണ് ടെൻഡർ സമയം. താത്പര്യം പ്രകടിപ്പിച്ച സ്ഥാപനങ്ങളുമായി തദ്ദേശ വകുപ്പ് തുടർചർച്ച നടത്തും. മദ്രാസ് ഐ.ഐ.ടിയുടെ മേൽനോട്ടത്തിൽ പൊളിക്കുകയാണ് അധികൃതരുടെ ലക്ഷ്യം.
പുനരധിവാസത്തിന് നടപടി
നോട്ടീസ് പ്രകാരം താമസക്കാരെ കുഴിയൊഴിപ്പിച്ചാൽ താത്കാലിക പുനരധിവാസത്തിന് ജില്ലാ ഭരണകൂടം നടപടി ആരംഭിച്ചു. എത്ര കുടുംബങ്ങൾ, അംഗസംഖ്യ തുടങ്ങിയ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ഉടമകളുടെ യോഗം ഇന്ന്
പൊളിക്കാൻ ഉത്തരവിട്ട നാലു ഫ്ളാറ്റുകളിലെ താമസക്കാർ ഇന്നു യോഗം ചേർന്ന് തുടർനടപടി ചർച്ച ചെയ്യും. ഇന്നലെ ചേരാനിരുന്ന യോഗമാണ് ഇന്നത്തേക്ക് മാറ്റിയത്. ഭാവിപരിപാടികൾ ശേഷം തീരുമാനിക്കുമെന്ന് എച്ച്.ടു.ഒ ഫ്ളാറ്റുടമാ സംഘടനാ പ്രതിനിധി ബിനോജ് പറഞ്ഞു.
ഫ്ലാറ്റ് ഉടമകൾക്ക് പിന്തുണയേറുന്നു
ഫ്ളാറ്റ് നിർമ്മാതാക്കൾ നിയമം ലംഘിച്ചതിന് ഇരയാകുന്ന താമസക്കാരെ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, നടൻ അലൻസിയർ, ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണിക്കൃഷ്ണൻ, പി.ഡി.പി ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ തുടങ്ങി നിരവധി പേർ ഫ്ളാറ്റുകളിലെത്തി. ഉടമകളെ സഹായിക്കാൻ സർക്കാർ ഇടപെടണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
ഫ്ളാറ്റുടമകളുടെ താത്പര്യം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സർക്കാരാണ് അക്കാര്യം തീരുമാനിക്കേണ്ടത്. പൊളിക്കേണ്ടിവന്നാൽ 343 ഫ്ളാറ്റുകളിലുള്ളവരെ മാത്രമല്ല, സമീപത്തെ വീടുകളിലും കെട്ടിടങ്ങളിലും കഴിയുന്നവരെയും ചുറ്റുവട്ടത്തെയും സംരക്ഷിക്കുകയെന്ന ബാദ്ധ്യതയുമുണ്ട്.
-ടി.എച്ച്. നാദിറ
ചെയർപേഴ്സൺ
മരട് നഗരസഭ