കൊച്ചി : മരടിലെ ഫ്ളാറ്റുകളിൽ താമസിക്കുന്ന കുടുംബങ്ങളുടെ അവസ്ഥ കണക്കിലെടുത്തു പുനരധിവാസം സർക്കാർ ഏറ്റെടുക്കണമെന്നു കേരള സ്വതന്ത്ര തൊഴിലാളി യൂണിയൻ (കെ.എസ്. ടി. യു ) എറണാകുളം ജില്ലാ കമ്മിറ്റി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിയമവിരുദ്ധമായി ഫ്ളാറ്റുകൾ നിർമ്മിച്ചു ജനങ്ങളെ കബളിപ്പിച്ചു വില്പന നടത്തിയ ഫ്ളാറ്റ് ഉടമകൾക്കും ഇതിനു ഒത്താശ ചെയ്ത മുൻ മരട് പഞ്ചായത്തു, നഗരസഭ, സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയും ക്രിമിനൽ കേസ് എടുത്ത് അന്വേഷണം നടത്തണം. ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി കുടിയിറക്കപ്പെടുന്ന കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യൻ പാലാക്കത്തറ, ജനറൽ സെക്രട്ടറി കെ .കെ. വേലായുധൻ, വൈസ് പ്രസിഡന്റ് മുരളി വരാപ്പുഴ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.