വൈപ്പിൻ : വൈപ്പിൻ മുനമ്പം സംസ്ഥാന പാതയിലെ യാത്രാദുരിതം ഒഴിവാക്കാൻ ഞാറക്കൽ വലിയവട്ടം കടമക്കുടി പാലം നിർമ്മിക്കണമെന്ന ആവശ്യം സജീവമായി. ഞാറക്കലിന് കിഴക്ക് വലിയവട്ടം പുല്ലേക്കാട് , പുല്ലേക്കാട് കടമക്കുടി എന്നീ ചെറിയ രണ്ട് പാലങ്ങൾ നിർമ്മിച്ചാൽ വൈപ്പിൻ ഗോശ്രീ പാലത്തിലൂടെ കടന്ന് പോകുന്ന വാഹനങ്ങളിൽ 30 ശതമാനം വലിയവട്ടം വഴി വഴിതിരിച്ചു വിടനാകും. വർഷത്തിൽ അഞ്ച് കോടി രൂപയുടെ ഇന്ധനം ലാഭിക്കാനുമാകും. 25 കിലോമിറ്റർ. നീളമുള്ള കൊച്ചി മുനമ്പം കായലിന് കുറുകെ ഇപ്പോൾ മൂന്നിടത്ത് മാത്രമേ പാലങ്ങളുള്ളൂ. 60 വർഷം മുമ്പ് നിർമ്മിച്ച ചെറായി പാലം, 15 വർഷം മുമ്പ് നിർമ്മിച്ച ഗോശ്രീ പാലം ,8 വർഷം മുമ്പ് നിർമ്മിച്ച മാല്യങ്കര പാലം എന്നിവ.
പുല്ലേക്കാട് ദ്വീപിൽ ജനവാസം ഇല്ല. വൈപ്പിനിൽ നിന്ന് ഹൈക്കോടതി കല്ലൂർ മേഖലയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളിൽ ഭൂരിപക്ഷത്തെയും ഒഴിവാക്കാനും ഈ പദ്ധതി കൊണ്ട് കഴിയും. കൃഷി ഇല്ലാത്ത പാടങ്ങൾ നിറഞ്ഞ പുല്ലേക്കാട് പ്രദേശത്തുകൂടി റോഡും പാലവും നിർമ്മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കൽ വളരെ എളുപ്പമാണ്.. കായലിന്റെ ഏറ്റവും വീതി കുറഞ്ഞ സ്ഥലത്ത് പാലങ്ങൾ വരുന്നതിനാൽ പാലം നിർമ്മാണത്തിനും ഭാരിച്ച ചെലവ് വരില്ല. ഇതുവഴി നിർമ്മിക്കുന്ന റോഡിന് ഇരുവശവും പാടങ്ങൾ ആയതിനാൽ ഈ റോഡിലൂടെയുള്ള യാത്ര നയനമനോഹരമായിരിക്കും.
പുതിയ റൂട്ട് കായലോര ടൂറിസത്തിന് മുതൽക്കൂട്ടാകും. സർക്കാരിന്റെയും പൊതുപ്രവർത്തകരുടേയും ശ്രദ്ധയിൽപ്പെടാതെ പോയതിനാലാണ് വലിയവട്ടം കടമക്കുടി പാലങ്ങളും റോഡും യാഥാർത്ഥ്യമാകാതിരുന്നത്.
സന്തോഷ് ,നെടുങ്ങാട് സ്വദേശി
വൈപ്പിനിലെ യാത്രാദുരിതം ഒഴിവാക്കാം
യാത്രാ ദൂരത്തിൽ 8 മുതൽ10 കി.മി വരെ ലാഭിക്കാം
ഇടപ്പള്ളി, പാലാരിവട്ടം, കളമശേരി ഭാഗങ്ങളിലേക്ക് എളുപ്പവഴി
പുല്ലേക്കാട് ദ്വീപിൽ സ്ഥലം ഏറ്റെടുക്കൽ വളരെ എളുപ്പം