കൊച്ചി : മൊബൈൽ ആപ്പിലെ ഒരു ക്ളിക്കിൽ ഏതു ജോലിക്കും ആളുകൾ സുലഭമെങ്കിലും കൊച്ചിയിൽ ഏറ്റവും ഡിമാൻഡ് വീട്ടുജോലിക്കാർക്ക്. മികച്ച കൂലിയും മറ്റും ലഭിക്കുന്ന തൊഴിലിലേയ്ക്ക് പരിശീലനം നൽകിയും വേലക്കാരികളെയും ആയമാരെയും എത്തിക്കാൻ സഹകരണ സ്ഥാപനങ്ങൾ വരെ രംഗത്തുണ്ട്.
നഗരത്തിലെ വീടുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയിൽ പ്രതിദിനം പതിനായിരക്കണക്കിന് പേരാണ് വിവിധ സേവനങ്ങൾ നൽകുന്നത്. വീടുകൾ അടിച്ചുവാരുന്നത് മുതൽ അറ്റകുറ്റപ്പണിയും പരിചരണവുമെല്ലാം സംഘടിതരൂപം നേടിക്കഴിഞ്ഞു.
ഇരുനൂറിലേറെ പ്രൊഫഷണൽ ഏജൻസികളാണ് ഓൺലൈൻ വഴിയും മൊബൈൽ ആപ്പ് വഴിയും ടെലിഫോൺ വിളിയിലൂടെയും ആവശ്യക്കാർക്ക് ഏറ്റവും കുറഞ്ഞ സമയത്തിനകം സേവനങ്ങൾ ലഭ്യമാക്കുന്നത്.
# വേലക്കാരികൾ സുലഭം
കൊച്ചി നഗരത്തിലും പരിസരങ്ങളിലും ഇപ്പോഴും ഏറ്റവും ഡിമാൻഡ് വീട്ടുജോലിക്കാരികൾക്കാണ്. അടുക്കളപ്പണി മുതൽ അടിച്ചുവാരലും ശുചീകരണവും വരെ ഏറ്റവും കൂടുതൽപേർ തൊഴിൽ ചെയ്യുന്നത് ഈ രംഗത്താണ്. കാലം മാറിയിട്ടും ഇവർക്കുള്ള ഡിമാൻഡ് വർദ്ധിക്കുന്നതേയുള്ളുവെന്ന് പ്രൊഫഷണൽ ഏജൻസി വൃത്തങ്ങൾ പറയുന്നു.
വീട്ടുജോലിക്കായി ചേർത്തല, വൈപ്പിൻ, പറവൂർ, വൈക്കം, അങ്കമാലി മേഖലകളിൽ നിന്നാണ് ഏറ്റവുമധികം സ്ത്രീകൾ പുലർച്ച തന്നെ നഗരത്തിലെത്തുന്നത്. ഒന്നിലേറെ വീടുകളിലെ ജോലികൾ നിർവഹിച്ച് ഉച്ചകഴിഞ്ഞ് മടങ്ങുകയും ചെയ്യും. അടുക്കളപ്പണി, അടിച്ചുവാരൽ, തുണി കഴുകൽ തുടങ്ങിയവയാണ് ഇവർ ചെയ്യുന്ന പ്രധാന ജോലികൾ. ഓഫീസ് ശുചീകരണം തുടങ്ങിയ ജോലികൾ ചെയ്യുന്ന നൂറുകണക്കിനുപേരുമുണ്ട്. ഒന്നിലേറെ സ്ഥാപനങ്ങളിലെ ജോലികൾ ഇവർ നിർവഹിക്കും. മികച്ച കൂലിയും ഇവർക്ക് ലഭിക്കുന്നുണ്ട്.
# ആയമാർക്കും പ്രിയം
വീടുകളിലെ വൃദ്ധരെയും കിടപ്പുരോഗികളെയും കുട്ടികളെയും പരിചരിക്കുന്ന ആയമാർക്കും ഡിമാൻഡ് തുടരുകയാണ്. പ്രത്യേക പരിശീലനം നേടിയവരാണ് ഇവരിലേറെയും. ഏജൻസികൾ വഴിയാണ് ഇവരുടെ സേവനം. വീട്ടുജോലികൾ ചെയ്യാത്ത ഇവരിൽ രാവിലെ വന്ന് വൈകിട്ട് തിരികെപ്പോകുന്നവരാണ് കൂടുതൽ. രോഗികളെ പരിചരിക്കാൻ താമസിച്ചു ജോലി ചെയ്യുന്നവരുമുണ്ട്.
# വിളിപ്പുറത്ത് ഗാർഹിക സേവനങ്ങൾ
ഗാർഹികസേവനങ്ങൾ വിളിപ്പുറത്ത് നൽകുന്ന ഏജൻസികളും നഗരത്തിൽ പെരുകുകയാണ്. കൃത്യതയോടെയും മേന്മയോടെയും സേവനങ്ങൾ നൽകാൻ കഴിയുമെന്നതാണ് ഏജൻസികളുടെ മികവെന്ന് കേരളത്തിലും പ്രവർത്തനം ആരംഭിച്ച ഡൽഹി ആസ്ഥാനമായ അസ്യൂട്ട് ഒൗട്ട്സോഴ്സിംഗ് സർവീസസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ക്യാപ്റ്റൻ ഷാജികുമാർ പറയുന്നു. ഗാർഹിക സേവനങ്ങൾക്ക് വ്യക്തികളും കൂടുതലായി തിരഞ്ഞെടുക്കുന്നത് ഏജൻസികളെയാണ്. കോർപ്പറേറ്റുകൾക്കും വിവിധ സേവനങ്ങൾ വാർഷിക കരാർ പ്രകാരം നൽകുന്ന സ്ഥാപനങ്ങളും നിരവധിയാണെന്ന് അദ്ദേഹം പറഞ്ഞു.
# സഹകരണ മേഖലയും
വീട്ടുജോലിക്കാരുടെ ഡിമാൻഡ് വിലയിരുത്തി ആലപ്പുഴ കഞ്ഞിക്കുഴി സഹകരണ ബാങ്കും രംഗത്തെത്തി. പരിശീലനം നൽകി സ്ത്രീകൾക്ക് ആലപ്പുഴയിൽ വീട്ടുജോലികൾ ലഭ്യമാക്കുകയാണ് പദ്ധതി. ഷീ ഫ്രണ്ട്ലി ഹോം സർവീസസ് എന്ന പേരിൽ കുടുംബശ്രീ മാതൃതകയിലാണ് പദ്ധതി നടപ്പാക്കുക. എഴുപതോളം സ്ത്രീകൾക്ക് പരിശീലനം നൽകും. ദിവസം മുന്നൂറു രൂപയാണ് ഇവർക്ക് വേതനം.
സേവനങ്ങൾ
# വീട്ടുജോലികൾ
# വീട്, ഓഫീസ് ശുചീകരണം
# ഇലക്ട്രിക്കൽ ജോലികൾ
# പ്ളംബിംഗ് ജോലികൾ
# പെയിന്റിംഗ്
# കാർ ക്ളീനിംഗ്
# സോഫ ക്ളീനിംഗ്
# ബാത്റൂം ക്ളീനിംഗ്
# പൂന്തോട്ട പരിചരണം
# രോഗികളെ പരിചരിക്കൽ
# മരപ്പണികൾ
# മേസ്തിരിപ്പണികൾ
# തുണിയലക്കൽ