marad

കൊച്ചി: സുപ്രീംകോടതി ഉത്തരവു പ്രകാരം പൊളിച്ചുമാറ്റാനായി,​ മരടിലെ ഫ്ളാറ്റുടമകളോട് ഒഴിയാൻ ആവശ്യപ്പെട്ട സമയപരിധി അവസാനിച്ചെങ്കിലും രണ്ടു ദിവസത്തേക്ക് നടപടികളുണ്ടാകില്ല. നാളെ സർവകക്ഷി യോഗം ചേരുന്നതിനാലും സർക്കാരിൽ നിന്ന് വ്യക്തമായ നിർദ്ദേശം ലഭിക്കാത്തതിനാലുമാണ്‌ നഗരസഭ തുടർനടപടി സ്വീകരിക്കാത്തതെന്നാണ് സൂചന.

അഞ്ചു ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ പത്തിനാണ് നഗരസഭ ഫ്ളാറ്റുടമകൾക്ക് നോട്ടീസ് നൽകിയത്. നാലിൽ ഒരു ഫ്ളാറ്റ് സമുച്ചയത്തിലെ താമസക്കാർ മാത്രമാണ് നോട്ടീസ് കൈപ്പറ്റിയത്. മറ്റിടങ്ങളിൽ മതിലിൽ പതിച്ചു. ഒഴിയില്ലെന്ന നിലപാട് തുടരുകയാണ് ഉടമകൾ. നാലു ഫ്ളാറ്റുകളിലെ താമസക്കാരും ഇന്നലെ യോഗം ചേർന്ന്‌ താമസം തുടരാനാണ് തീരുമാനിച്ചത്. കടുത്ത നടപടികൾക്ക് സർക്കാരോ നഗരസഭയോ മുതിരില്ലെന്നാണ് ഫ്ളാറ്റുടമകളുടെ പ്രതീക്ഷ.

# കൈവിട്ട് നിർമ്മാതാക്കൾ

പൊളിക്കൽ ഭീഷണി നേരിടുന്ന മരടിലെ ഫ്ളാറ്റുകളുടെ വിഷയത്തിൽനിന്ന്‌ തലയൂരാനാണ്‌ നിർമ്മാണ കമ്പനികളുടെ ശ്രമം. വില്പന നടത്തിയ ഫ്ളാറ്റുകളുടെ കാര്യത്തിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നറിയിച്ച് കമ്പനികൾ നഗരസഭാ സെക്രട്ടറിക്ക് കത്തു നൽകി. ഫ്ളാറ്റുകൾ നിയമപ്രകാരം വിറ്റതാണ്. വാങ്ങിയവരാണ് നികുതി അടയ്ക്കുന്നത്. പദ്ധതിയുമായി തങ്ങൾക്ക് നിലവിൽ ബന്ധമില്ലെന്നും കത്തിൽ പറയുന്നു.

# റിലേ സമരം തുടരും

ഫ്ളാറ്റുടമകൾ ആരംഭിച്ച റിലേ സത്യാഗ്രഹം കുണ്ടന്നൂരിലെ എച്ച്.ടു.ഒ ഫ്ളാറ്റിന് മുമ്പിൽ തുടരുകയാണ്. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ രാഷ്ട്രീയ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ തങ്ങളെ ഒഴിപ്പിക്കില്ലെന്ന പ്രതീക്ഷയിലാണ് ഫ്ളാറ്റുകളിലെ താമസക്കാർ.

സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി, കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ് തുടങ്ങിയവർ ഇന്നലെ സമരപ്പന്തലിലെത്തി. ഡി.സി.സിയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ 9 ന് സമരപ്പന്തലിലേക്ക്‌ ഐക്യദാർഢ്യമാർച്ച് നടത്തും. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഫ്ളാറ്റുകൾക്ക് നിർമ്മാണ അനുമതി നൽകിയതുൾപ്പെടെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച്.

# ഹർജികൾ ഈയാഴ്ച

ഫ്ളാറ്റുകൾ പൊളിക്കണമെന്ന വിധിക്കെതിരെ ഏതാനും ഫ്ളാറ്റുടമകൾ നൽകിയ തിരുത്തൽ ഹർജി സുപ്രീംകോടതിയും ഒഴിപ്പിക്കാൻ നഗരസഭ നൽകിയ നോട്ടീസിനെതിരെ നൽകിയ ഹർജികൾ ഹൈക്കോടതിയും ഈയാഴ്ച പരിഗണിക്കും.

അപ്പീലുകൾ തള്ളിയ സാഹചര്യത്തിലാണ് ഗോൾഡൻ കായലോരം ഫ്ളാറ്റ് നിവാസികൾ തിരുത്തൽ ഹർജി സുപ്രീംകോടതിയിൽ സമർപ്പിച്ചത്. കേസിൽ തങ്ങളുടെ വാദം കേട്ടില്ലെന്ന് ഹർജിയിൽ പറയുന്നു. തീരദേശ പരിപാലന നിയമനം നടപ്പാകും മുമ്പ് നിർമ്മാണം ആരംഭിച്ച തങ്ങളുടെ ഫ്ളാറ്റിന് പെളിക്കണമെന്ന വിധി ബാധകമല്ലെന്ന് പ്രഖ്യാപിക്കണമെന്നും ഉടമകൾ വാദിക്കുന്നു.

നിയമപരമായ നടപടികൾ പാലിക്കാതെയാണ് ഫ്ളാറ്റുകളിൽ നിന്ന് ഒഴിയാൻ നഗരസഭ നോട്ടീസ് നൽകിയതെന്നാണ് ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജികളിലെ വാദം. നോട്ടീസ് നൽകും മുമ്പ് തങ്ങളുടെ വാദം കേട്ടില്ല, ഒഴിയാൻ അഞ്ചു ദിവസത്തെ സമയം നിയമപരമല്ല തുടങ്ങിയ വാദങ്ങളാണ് ഹർജിയിലുള്ളത്.

# ഒഴിപ്പിക്കാൻ മുന്നൊരുക്കം

സർക്കാർ നിർദ്ദേശം ലഭിച്ചാൽ ഫ്ളാറ്റുകളിലെ താമസക്കാരെ ഒഴിപ്പിച്ച് താത്കാലിക സൗകര്യം നൽകാൻ ഒരുക്കങ്ങൾ ആരംഭിച്ചു. നഗരത്തിൽ ഒഴിഞ്ഞുകിടക്കുന്ന ഫ്ളാറ്റുകൾ, മറ്റു സൗകര്യങ്ങൾ എന്നിവ ഉപയോഗിക്കാൻ കഴിയുമോയെന്ന് വില്ലേജ് ഓഫീസർമാർ പരിശോധിച്ചു തുടങ്ങി. 343 ഫ്ളാറ്റുകളിൽ 1,472 പേർ താമസിക്കുന്നുണ്ടെന്ന റിപ്പോർട്ട് നഗരസഭ ജില്ലാ കളക്ടർക്ക് കൈമാറിയിട്ടുണ്ട്.