ആലുവ: ബി.ഡി.ജെ.എസിന്റെ രാഷ്ട്രീയ നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് പാർട്ടി അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. വ്യാജ ചെക്കുകേസിൽ കുറ്റവിമുക്തനായി അജ്മാനിൽ നിന്ന് തിരിച്ചെത്തിയ ശേഷം ആലുവ അദ്വൈതാശ്രമത്തിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലാ ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എക്കൊപ്പമാണ് ബി.ഡി.ജെ.എസ്. എൻ.ഡി.എ കൺവീനറായ താൻ പ്രചാരണത്തിനിറങ്ങും. എസ്.എൻ.ഡി.പി യോഗത്തിന്റെ ജനറൽ സെക്രട്ടറി എന്ന നിലയിലാണ് വെള്ളാപ്പള്ളി നടേശൻ പാലാ ഉപതിരഞ്ഞെടുപ്പ് നിലപാട് വ്യക്തിമാക്കിയതെന്നും തുഷാർ പറഞ്ഞു.
കേസിൽ രാഷ്ട്രീയ ഗൂഢാലോചനയില്ല
ചെക്ക് കേസിൽ സി.പി.എം ഗൂഢാലോചനയുണ്ടെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ അഭിപ്രായം ശരിയല്ല. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും സഹായിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാരിന് കത്ത് നൽകി. ബി.ഡി.ജെ.എസ് നേതാവ് എന്ന നിലയിലല്ല, എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് എന്ന നിലയിലാണ് തനിക്ക് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടത്. കേന്ദ്രമന്ത്രി വി. മുരളീധരൻ, യൂസഫലി, മാതാ അമൃതാനന്ദമയിദേവി, പ്രവാസി സംഘടനകൾ എന്നിവരുടെയെല്ലാം സഹായം ലഭിച്ചു. കെ.എം.സി.സിയെയും തന്റെ കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയെയും നാസിൽ തെറ്റിദ്ധരിപ്പിച്ചു. സത്യം മനസിലാക്കിയപ്പോൾ അവരാണ് കൂടുതൽ സഹായിച്ചത്
എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
നിയമ നടപടി സ്വീകരിക്കും
പണം തട്ടാനാണ് നാസിൽ അബ്ദുള്ളയും സംഘവും തന്നെ വ്യാജ ചെക്ക് കേസിൽപ്പെടുത്തിയത്. തനിക്കൊപ്പം നേരത്തെ ഉണ്ടായിരുന്നയാളുടെ സഹായത്തോടെയാണ് നാസിൽ കെണിയൊരുക്കിയത്. ഇവർക്കെതിരെ നിയമനടപടിക്ക് അഭിഭാഷകനെ ചുമതലപ്പെടുത്തി. തുടർ നടപടികൾക്കായി അടുത്ത ദിവസം ദുബായിൽ പോകും.
തുഷാറിന്റെ വിശദീകരണം:
രണ്ട് മാസം മുമ്പ് ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേർ ഫോണിൽ പലവട്ടം വിളിച്ച് ദുബായിലെ തന്റെ സ്ഥലം വിൽക്കുന്നുണ്ടോയെന്ന് ചോദിച്ചു. കഴിഞ്ഞ 20ന് ദുബായിൽ എത്തുമ്പോൾ സംസാരിക്കാമെന്ന് ധാരണയുണ്ടാക്കി. 22ന് പുരുഷനും സ്ത്രീയും ഒരു കുട്ടിയുമായി വന്നു. തനിക്കൊപ്പം എസ്.എൻ.ഡി.പി യോഗം ദുബായ് യൂണിയൻ സെക്രട്ടറി സാജനും ഉണ്ടായിരുന്നു. സംഭാഷണത്തിനിടെ ദുബായ് സി.ഐ.ഡി വന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. 19 കോടി രൂപയുടെ കേസുണ്ടെന്ന് പറഞ്ഞു. അൽപ്പം കഴിഞ്ഞപ്പോൾ 20 കോടി തന്നില്ലെങ്കിൽ നാട്ടിലേക്ക് വിടില്ലെന്ന് ഭീഷണിപ്പെടുത്തി നാസിൽ അബ്ദുള്ളയുടെ ഫോൺ കോൾ വന്നു. അടുത്ത ദിവസം അജ്മാൻ സ്റ്റേഷനിലേക്ക് മാറ്റി. 20 വർഷം ജയിലിൽ കിടത്തുമെന്നായിരുന്നു ഭീഷണി.
14 വർഷം മുമ്പ് താൻ പാർട്ട്ണറായ ദുബായിലെ കമ്പനിയിൽ ഉപകരാറുകാരനായിരുന്നു നാസിൽ. ഇന്നത്തെ ഒരു കോടി രൂപ മൂല്യമുള്ള നിർമ്മാണ കരാറാണ് നാസിലിന് നൽകിയിരുന്നത്. അതിന്റെ പണവും അദ്ദേഹം കൈപ്പറ്റിയതാണ്. മറ്റൊരാളിൽ നിന്ന് അഞ്ച് ലക്ഷം രൂപ നൽകി സമ്പാദിച്ച പഴയ ചെക്കാണ് നാസിൽ വ്യാജ കേസിന് ഉപയോഗിച്ചത്. അതിനായി വ്യാജകരാർ രേഖയും ഉണ്ടാക്കി. 12 വർഷം മുമ്പുള്ള നിയമസാധുതയില്ലാത്ത ചെക്കിൽ നിർബന്ധമായും വേണ്ട പാർട്ടണറുടെ ഒപ്പില്ല. ഇത് ബോദ്ധ്യപ്പെടുത്തിയതോടെ കോടതി ജാമ്യം തന്നു. കണക്കുപ്രകാരം നാസിൽ 40,000 ദിർഹം ഇങ്ങോട്ട് തരണം.
സത്യത്തിനൊപ്പം നിന്ന എം.എ.യൂസഫലിക്കെതിരെയും ആക്ഷേപമുയർത്തി. നാസിലിനെതിരെ പരാതി നൽകാൻ താൻ നിർബന്ധിതനായതാണ്. നാസിൽ സത്യം വെളിപ്പെടുത്തിയാൽ കേസിൽ നിന്ന് പിൻവാങ്ങുമെന്നും തുഷാർ പറഞ്ഞു.