പറവൂർ : അഖില കേരള വിശ്വകർമ്മ മഹാസഭ പറവൂർ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വിശ്വകർമ്മ ദിനാചരണം നാളെനടക്കും. വിശ്വകർമ്മ മഹാപൂജ, തൊഴിലാളി വർഗ്ഗത്തിനു വേണ്ടിയുള്ള സർവ്വെശ്വര്യ പ്രാർത്ഥന, വർണാഭമായ ഘോഷയാത്ര എന്നിവ ദിനാചരണത്തിന്റെ ഭാഗമായി നടക്കും. ഉച്ചക്ക് രണ്ടിന് ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റാൻഡിൽ നിന്നും ഘോഷയാത്ര ആരംഭിച്ച് നഗരം ചുറ്റി സമ്മേളന നഗരിയായ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ സമാപിക്കും. നാലിന് പൊതുസമ്മേളനം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും യൂണിയൻ പ്രസിഡന്റ് എം.പി. വിനോദ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സമിതി സെക്രട്ടറി എ.വി. കൃഷ്ണൻ, എസ്. ശർമ്മ എം.എൽ എ, നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് തുടങ്ങിയവർ സംസാരിക്കും.