തൃക്കാക്കര: മൂലമ്പിളളി പദ്ധതിയുടെ പേരിൽ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് വാസയോഗ്യമായ സ്ഥലം അനുവദിക്കണമെന്ന് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റി. ഷംസുദ്ധീൻ.കാക്കനാട് തുതിയൂരിൽ മൂലമ്പളളി പാക്കേജ് പ്രകാരം അനുവദിച്ച പുനരധിവാസ ഭൂമി വാസയോഗ്യമല്ലെന്ന പരാതിയിൽ ജസ്റ്റിസ് സുകുമാരൻ കമ്മിഷന്റെ നേതൃത്വത്തിൽ സ്ഥല പരിശോധനക്ക് എത്തിയതായിരുന്നു അദ്ദേഹം.പദ്ധതി പ്രകാരം സർക്കാർ നൽകിയ ഭൂമി വാസയോഗ്യമല്ലെന്ന് കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.പദ്ധതിക്കായി സ്ഥലം കൊടുത്തവർ ഇന്ന് പെരുവഴിയിലാണ്.വാസയോഗ്യമായ സ്ഥലം കൊടുക്കുന്നതുവരെ ഇവർക്ക് സർക്കാർ വാടക കൊടുക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സ്ഥലം അനുവദിച്ചെന്ന പേരിൽ 2013 ന് ശേഷം ഈ കുടുംബങ്ങൾക്ക് വാടക നൽക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അടിയന്തിരമായി ഈമാസം തന്നെ എല്ലാ കുടുംബങ്ങളെയും പങ്കെടുപ്പിച്ച് പരാതികൾ സ്വീകരിക്കുമെന്ന് കമ്മീഷൻ അംഗം പ്രൊഫ.കെ. അരവിന്ദാക്ഷൻ പറഞ്ഞു.
#പരിശോധന നടത്തി
അദ്ധ്യക്ഷൻ ജസ്റ്റി.സുകുമാരൻ ,ജസ്റ്റി. ഷംസുദ്ധീൻ ,പ്രൊഫ.കെ. അരവിന്ദാക്ഷൻ എന്നിവരടങ്ങുന്ന കമ്മിഷൻ രണ്ട് പ്രദേശങ്ങളിൽ നടത്തിയ പരിശോധന നടത്തി.വെളളക്കെട്ടുളള സ്ഥലമാണ് ഇവർക്ക് അനുവദിച്ചതെന്ന് കമ്മിഷൻ കണ്ടെത്തി.രണ്ടു സ്ഥലങ്ങളിലായി പണികഴിപ്പിച്ച മൂന്ന് വീടുകൾ അപകടാവസ്ഥയിലാണ്.അതിൽ ഒരുവീട് ഏതുനിമിഷവും നിലംപൊത്തും.
#പരാതിയുമായി 22 കുടുംബങ്ങൾ
പദ്ധതിയിൽപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും വാസയോഗ്യമായ സൗകര്യം ഒരുക്കുന്നതുവരെ സർക്കാർ ഈ കുടുംബങ്ങൾക്ക് വാടക അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.പദ്ധതിക്ക് സ്ഥലം ലഭിച്ച 22 കുടുംബങ്ങൾ കമ്മിഷൻ മുമ്പാകെ പരാതിയുമായി എത്തിയത്.