ആലുവ: പണം തട്ടിയെടുക്കാൻ എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കെതിരെ നടന്ന കള്ളക്കളികളെ ശ്രീനാരായണീയർ ഒറ്റക്കെട്ടായി നേരിടുമെന്ന് യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ പറഞ്ഞു.
തുഷാർ വെള്ളാപ്പള്ളിക്ക് ആലുവ അദ്വൈതാശ്രമം ഗ്രൗണ്ടിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ കള്ളക്കേസിൽ നിന്ന് തുഷാർ അതിവേഗം മുക്തനാകായത് ഗുരു കൂടെയുണ്ടെന്നതിന്റെ തെളിവാണ്. തുഷാറിനെ മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലൂം ക്രൂശിക്കുകയായിരുന്നു എന്നും ഡോ. എം.എൻ.സോമൻ പറഞ്ഞു.
യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി.
പ്രീതി നടേശൻ, കെ.എൽ. അശോകൻ, എം.ബി. ശ്രീകുമാർ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു. വിവിധ യൂണിയൻ നേതാക്കൾ ഉൾപ്പെടെ നൂറുകണക്കിന് പേർ തുഷാറിനെ സ്വീകരിച്ചു.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലും തുഷാർ വെള്ളാപ്പള്ളിക്ക് സ്വീകരണം നൽകി.രാവിലെ ഒമ്പത് മണിയോടെ ദുബായിയിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിലാണ് തുഷാർ നെടുമ്പാശേരിയിലെത്തിയത്. ടെർമിനലിൽ യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമന്റെ നേതൃത്വത്തിലായിരുന്നു ആദ്യ സ്വീകരണം. ബി.ജെ.പി ദേശീയസമിതി അംഗം പി.കെ. കൃഷ്ണദാസ്, ബി.ഡി.ജെ.എസ് നേതാക്കളായ ടി.വി. ബാബു, സുഭാഷ് വാസു തുടങ്ങി നിരവധി നേതാക്കളും പങ്കെടുത്തു. തുടർന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് തുഷാറിനെ ആലുവ അദ്വൈതാശ്രമത്തിലേക്ക് ആനയിച്ചത്.