കൊച്ചി : പാലാരിവട്ടം ഫ്ളെെഓവറിന്റെ പുനരുദ്ധാരണത്തിന്റ ഭാവി ഇന്നറിയാം .ചെന്നെെ ഐ.ഐ.ടി വിദഗ്ദ്ധ സംഘം സമർപ്പിച്ച അന്തിമ റിപ്പോർട്ടിൻമേലുള്ള ചർച്ച ഇന്ന് തിരുവനന്തപുരത്ത് നടക്കും. ഇ. ശ്രീധരന്റെ റിപ്പോർട്ട് , ചെന്നെെ എെ.എെ.ടി റിപ്പോർട്ടുമായി ചർച്ചകളിൽ ഒത്തുനോക്കും. കാൺപൂർ എെ.എെ.ടി യിലെ വിദഗ്ദരാണ് ശ്രീധരനൊപ്പം പരിശോധനകളിൽ പങ്കെടുത്തിരുന്നത്.
102 ഗർഡറുകളിൽ 97 എണ്ണത്തിലും വിള്ളലുള്ളതായി ശ്രീധരന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പാലത്തിന് 100 വർഷമെങ്കിലും ആയുസ് വേണം. 20 വർഷത്തെ ആയുസ്സാണ് കാൺപൂർ എെ.എെ.ടി സംഘവും കണ്ടെത്തിയത്.
പാലം പൊളിച്ച് പണിയുന്നതു സംബന്ധിച്ച് ഇന്നത്തെ യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകും. പൊളിച്ചുമാറ്റുന്ന ഗർഡറുകൾ കടൽഭിത്തി നിർമ്മാണത്തിനുപയോഗിക്കാമെന്ന ശ്രീധരന്റെ നിർദ്ദേശവും ഇന്ന് പരിഗണിക്കും . പാലത്തിന്റെ തൂണുകൾക്ക് ബലക്കുറവില്ലെന്നാണ് രണ്ടു റിപ്പോർട്ടുകളും പറയുന്നത് .
ഈ സാഹചര്യത്തിൽ തൂണുകൾ നിലനിർത്തി മറ്റുഭാഗങ്ങൾ പൂർണ്ണമായി പൊളിച്ചുനീക്കാനാണ് സാധ്യതയെന്ന് എെ.എെ.ടി വിദഗ്ദർ തന്നെ ചൂണ്ടികാട്ടിയിട്ടുണ്ട്. ഗതാഗത തടസ്സം സൃഷ്ടിക്കാതെയും പരിസ്ഥിതിക്ക് ദോഷം വരാതെയും പൊളിക്കൽ നടത്താനുള്ള മാർഗ്ഗങ്ങൾ വിദഗ്ദരിൽ നിന്ന് തേടും.
ഉന്നതതല ചർച്ച ഇന്ന് തിരുവനന്തപുരത്ത്
മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, ഐ.ഐ.ടി സ്ട്രക്ചറൽ വിദഗ്ദ്ധൻ പ്രൊഫ. അളകസുന്ദരമൂർത്തി, മെട്രോമാൻ ഇ.ശ്രീധരൻ , പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.
ഗുരുതരമായ പാളിച്ചകൾ
ചെന്നെെ എെ.എെ.ടിയുടെ അന്തിമ റിപ്പോർട്ടിൽ അതീവ ഗുരുതരമായ പാളിച്ചകൾ അക്കമിട്ട് നിരത്തുന്നുണ്ട്. ശ്രീധരൻ ചൂണ്ടിക്കാണിച്ചതിലും കൂടുതൽ പിഴവുകൾ ഈ റിപ്പോർട്ടിൽ നിരത്തുന്നതായാണ് സൂചനകൾ.
20 കോടിയോളം രൂപ പുനരുദ്ധാരണത്തിന് വേണ്ടിവരുമെന്ന് നിഗമനം
എെ.എെ.ടി വിദഗ്ദർ ഉൾപ്പെടുന്ന വിദഗ്ദ സമിതിയെ പുനർനിർമ്മാണ മേൽനോട്ടത്തിനായി തിരഞ്ഞെടുക്കും. പുനർ നിർമ്മാണത്തിന് ഏത് സാങ്കേതിക വിദ്യ വേണമെന്ന കാര്യത്തിലും ഇന്ന് വിദഗ്ദ തീരുമാനമുണ്ടാകും.. കുറഞ്ഞത് ഒരു വർഷമെങ്കിലും പുനർനിമ്മാണത്തിന് വേണ്ടിവരുമെന്നാണ് കരുതുന്നത്.