തോപ്പുംപടി: പടിഞ്ഞാറൻ കൊച്ചിയിലെ സർക്കാർ ആശുപത്രികളിൽ ഓണം അവധി കഴിഞ്ഞിട്ടും ഡോക്ടർമാർ ഇല്ലാത്തത് രോഗികളെ കൂടുതൽ ദുരിതത്തിലാക്കുന്നു. കഴിഞ്ഞ 10 ദിവസമായി കരുവേലിപ്പടി, ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി ,കുമ്പളങ്ങി, പള്ളുരുത്തി തുടങ്ങിയ ആശുപത്രികളിൽ ഡോക്ടർമാർ ഇല്ലാത്തത്. ഓണം എത്തിയതോടെ ആശുപത്രികളിൽ ഒ.പി.വിഭാഗത്തിൽ ഒരു ഡോക്ടറാണ് ഉള്ളത്. എന്നാൽ ഉച്ചകഴിഞ്ഞാൽ ഇവരും അപ്രത്യക്ഷമാകും.220 കിടക്കകളുള്ള കരുവേലിപ്പടിയിൽ 28 രോഗികൾ മാത്രമാണ് ഉണ്ടായിരുന്നത്. 150 കിടക്കകളുള്ള ഫോർട്ടുകൊച്ചി ആശുപത്രിയിൽ 11 പേരും. പള്ളുരുത്തി ഗവ.ആശുപത്രിയിൽ രാവിലെ അഡ്മിറ്റാകുന്ന രോഗികളെ സന്ധ്യക്ക് മുൻപേ പറഞ്ഞ് വിടാറാണ് പതിവ്. എറണാകുളത്തേക്ക് പറഞ്ഞ് വിടുന്ന രോഗികൾ ഗതാഗതക്കുരുക്കും കഴിഞ്ഞ് എത്തുമ്പോഴേക്കും ഒരുപരിവമാകുന്ന സ്ഥിതിയാണ്.ത്വക്ക് രോഗം, ജനറൽ സർജൻ, കുട്ടികളുടെ ഡോക്ടർ മാരും ഇല്ല. കിഫ്ബി ഫണ്ടിൽ നിന്നും കോടികളാണ് കരുവേലിപ്പടി ആശുപത്രിയിൽ മുടക്കിയിരിക്കുന്നത്. എന്നാൽ രോഗികൾക്ക് ഇതുകൊണ് യാതൊരു പ്രയോജനവും ലഭിക്കുന്നില്ലെന്നതാണ് പരമസത്യം. മട്ടാഞ്ചേരിയിൽ പലപ്പോഴും രോഗികൾ കുപ്പിവെള്ളമാണ് പുറത്ത് നിന്നും വാങ്ങി ഉപയോഗിക്കുന്നത്. ലിഫ്റ്റും പലപ്പോഴും ഇവിടെ പ്രവർത്തിക്കാറില്ല. ഒരു ജനറേറ്റർ കേടായിട്ട് മാസങ്ങളായി.കരുവേലിപ്പടിയിൽ ആംബുലൻസ് ഇല്ലാത്തതും രോഗികളെ കൂടുതൽ കഷ്ടത്തിലാക്കുകയാണ്.
ഡോക്ടർമാർ എല്ലാം ലീവിലാണ്
വിവിധ അപകടങ്ങളിൽപ്പെട്ട് നിരവധി രോഗികളാണ് സർക്കാർ ആശുപത്രികളിൽ എത്തിയത്. എന്നാൽ എല്ല് വിഭാഗവുമായി ബന്ധപ്പെട്ട ഡോക്ടർമാർ എല്ലാം ലീവിലാണെന്ന ബോർഡാണ് രോഗികൾക്ക് കാണാൻ കഴിഞ്ഞത്. പലരേയും എറണാകുളം ജനറൽ ആശുപത്രിയിലേക്ക് പറഞ്ഞ് വിടുകയാണ് ഉണ്ടായത്.