ranguel
രങ്കുൽ

കൊച്ചി: സ്ഥിരമായി മൊബൈൽ ഫോണുകൾ മോഷ്‌ടിച്ചിരുന്ന ആലപ്പുഴ പുന്നപ്ര അറവുകാട് കിഴക്കേ പനമ്പടന്നയിൽ രങ്കുലിനെ (22) എറണാകുളം നോർത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തു. ലിസി മെട്രോ സ്‌റ്റേഷന് സമീപത്തുള്ള ഹോട്ടലിലെ ജീവനക്കാരനായ സ്റ്റീഫന്റെ പരാതിയിലാണ് അറസ്റ്റ്.

കഴിഞ്ഞ നാലാം തീയതി പുലർച്ചെ റെയിൽവേ സ്റ്റേഷനിൽ നിന്നും വരുകയായിരുന്ന സ്റ്റീഫന്റെ മൊബൈൽ ഫോൺ സ്കൂട്ടറിലെത്തിയ രങ്കുൽ തട്ടിയെടുത്തു. സ്കൂട്ടർ നമ്പർ സി.സി.ടി.വി ദൃശ്യങ്ങളിലൂടെ മനസിലാക്കിയ പൊലീസ് വാഹന ഉടമയും പ്രതിയുടെ സുഹൃത്തുമായ പെൺകുട്ടിയെ ചോദ്യം ചെയ്‌തതോടെയാണ് മോഷ്‌ടാവിനെ തിരിച്ചറിഞ്ഞത്. ഓൺലൈൻ ഫുഡ്‌ ഡെലിവറി ജീവനക്കാരനായ ഇയാൾ കലൂർ ഭാഗത്തുള്ള ഹോസ്റ്റലുകളിൽ മാറി മാറി താമസിച്ചു വരുകയായിരുന്നു. പെൺകുട്ടിയെ കൊണ്ടു തന്ത്രപൂർവം ഇയാളെ കച്ചേരിപ്പടിയിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്‌റ്റ് ചെയ്‌തത്. ചോദ്യം ചെയ്യലിൽ മുപ്പതോളം മൊബൈൽ ഫോണുകൾ മോഷ്‌ടിച്ചതായി സമ്മതിച്ചു. പാതിരാത്രി യുവാക്കൾ താമസിക്കുന്ന ഹോസ്റ്റലുകളിൽ കയറി മൊബൈൽ മോഷണം നടത്തുകയാണ് രങ്കുലിന്റെ പതിവ്, കൂടാതെ സ്കൂട്ടറിൽ എത്തി വഴി യാത്രക്കാരോട് ഫോൺ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൊബൈൽ വാങ്ങുകയും അതുമായി കടന്നു കളയുകയും ചെയ്യും. മോഷണ ഫോണുകൾ പല സ്ഥലങ്ങളിലാണ് വിൽപ്പന നടത്തിയത്. നോർത്ത് സി.ഐ സിബി ടോം, എസ്.ഐ.അനസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്‌തു. തെളിവെടുപ്പിനായി ഇയാളെ കസ്റ്റഡിയിൽ വാങ്ങും.