ഫോർട്ട് കൊച്ചി: 6 പതിറ്റാണ്ടിനു മുൻപ് സ്കൂളിന്റെ പടി ഇറങ്ങിയവർ ഫോർട്ടുകൊച്ചി സാന്താക്രൂസ് സ്ക്കൂളിന്റെ തിരുമുറ്റത്ത് വീണ്ടും ഒത്തുകൂടി. പലരും അവശതകളും രോഗങ്ങളും മാറ്റി വെച്ചാണ് പ്രിയ സുഹൃത്തുക്കളെയും ഗുരുക്കൻമാരെയും കാണാൻ എത്തിയത്.6 അദ്ധ്യാപകരും ചടങ്ങിന് എത്തിയിരുന്നു. അരനൂറ്റാണ്ടിനു ശേഷം കണ്ടുമുട്ടുന്നവരും കൂട്ടത്തിൽ ഉണ്ടായിരുന്നു. 62 സഹപാഠികൾ പരിപാടിയിൽ പങ്കെടുത്തു.വർഷങ്ങളായുള്ള നിരന്തര പരിശ്രമത്തിന്റെ ഫലമായിരുന്നു ഈ ഒത്തുചേരൽ.പലരും മക്കളുടെയും പേരമക്കളുടെയും കൂടെ വിദേശത്താണ്. മറ്റു ചിലർ ഇവരെ വിട്ടുപിരിഞ്ഞു പോയി. മൺമറഞ്ഞ ഗുരുക്കൻമാർക്കും സഹപാഠികൾക്കും മുന്നിൽ ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ടാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. പൂർവ വിദ്യാർത്ഥിയും ഇടക്കൊച്ചി അക്വിനാസ് കോളേജിലെ ആദ്യ പ്രിൻസിപ്പലുമായ ഡോ.പി.എം.ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഗുരുക്കൻമാരായ കെ.ടി.ജോസഫ്, കെ.വി.മേരി, സെലിൻ ലിനറ്റ്, ഹെയ്മി എന്നിവരെ ചടങ്ങിൽ പുരസ്ക്കാരം നൽകി ആദരിച്ചു. ജോബ് അഗസ്റ്റിൻ, ആന്റണി ജോസഫ്, സി.പി.ആന്റണി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.