കൂത്താട്ടുകുളം: തിരുമാറാടി എടപ്രഭഗവതി ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ദാരു ബിംബത്തിനുള്ള ഉത്തമ വൃഷം ക്ഷേത്രത്തിൽ എത്തിച്ചു. മൂവാറ്റുപുഴ പെരിങ്ങഴ കോട്ടുക്കമന ദാമോദരൻ നമ്പൂതിരിയുടെ ഇല്ലത്തു നിന്നും വഴിപാടായി സമർപ്പിക്കുന്ന വൃക്ഷമാണ് തിരുമാറാടിയിൽ എത്തിച്ചത്. ക്ഷേത്രം തന്ത്രി കാവനാട്ട് പരമേശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പ്രത്യേക പൂജനടത്തി. പറവൂർ രാധാകൃഷ്ണൻ ആചാരിയാണ് വൃഷം മുറിച്ചത്. നിലം തൊടാതെ ക്രെയിനുകളുടെ സഹായത്തോടെ പ്രത്യേക വാഹനത്തിൽ കയറ്റിയാണ് എത്തിച്ചത്. അഞ്ചൽപ്പെട്ടിയിൽ തിരുമാറാടിയിലെ ഭക്തജനങ്ങൾ ഘോഷയാത്രയെ വരവേറ്റു. കാക്കൂർ ആമ്പശ്ശേരിക്കാവിൽ കാഞ്ഞിരപ്പിള്ളി മനയുടെ നേതൃത്വത്തിൽ ക്ഷേത്രം ഭരണസമിതി അംഗങ്ങളും നാട്ടുകാരും ചേർന്ന് സ്വീകരണം ഒരുക്കി. തുടർന്ന് മഹാദേവക്ഷേത്രത്തിൽ പൂജയ്ക്ക് ശേഷം പോസ്റ്റോഫീസ് ജംഗ്ഷൻ മുതൽ താലപ്പൊലികളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ എടപ്രക്കാവിൽ എത്തിച്ചേർന്നു. ദാരുബിംബനിർമ്മാണത്തിന് ശേഷം ക്ഷേത്രത്തിന്റെ പ്രതിഷ്ഠ തൽക്കാലികമായി മറ്റൊരു ശ്രീകോവിലിലേക്ക് മാറ്റും. . ദേവസ്വം മാനേജർ പി ആർ മോഹനൻ നായർ .,പുനരുദ്ധാരണ കമ്മറ്റി കൺവീനർ സനൽ ചന്ദ്രൻ, പി. മുരളീധരൻ മിഥുല, ദേവസ്വം പ്രസിഡണ്ട് പി രാജു, സെക്രട്ടറി എം .കെ അമ്പി ആചാരി, ടികെ ഗോപി. കെ എൻ.എൻ നമ്പൂതിരി എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.