കൊച്ചി:: ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിക്ക് എറണാകുളം ഉപാശ്രമത്തിൽ വൻ സ്വീകരണം നല്കി. ശാന്തിഗിരി ആശ്രമം എറണാകുളം ബ്രാഞ്ചാശ്രമം ഹെഡ് ജനനി വിജയ ജ്ഞാന തപസ്വിനിയുടെയും ബ്രഹ്മചാരി ഗിരീഷിന്റെയും നേതൃത്വത്തിലായിരുന്നു സ്വീകരണം.
ചേർത്തല സ്വദേശിയായ സ്വാമി ഗുരുരത്നം മതാതീത ആത്മീയതയുടെ വക്താവ് എന്നതിലുപരി പ്രഭാഷകൻ, എഴുത്തുകാരൻ, സാംസ്കാരിക നായകൻ എന്നീ നിലകളിൽ സാമൂഹ്യരംഗത്ത് തിളങ്ങുന്ന വ്യക്തിത്വമാണ്. ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി എന്ന നിലയിൽ രാജ്യത്തുടനീളം നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയിരുന്നു.
ചുമതലയേറ്റ ശേഷം രാജ്യത്തുടനീളമുള്ള ശാന്തിഗിരി ആശ്രമത്തിന്റെ ഉപാശ്രമങ്ങൾ സന്ദർശിക്കുന്നതിന്റെയും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെയും ഭാഗമായാണ് സ്വാമിജി എറണാകുളത്ത് എത്തിയത്.
ജാതി മത വർഗ്ഗ ചിന്തകൾക്കതീതമായി ശാന്തിഗിരി ആശ്രമത്തെ രാജ്യാന്തര സമൂഹത്തിന് പരിചയപ്പെടുത്തുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന് സ്വീകരണ സമ്മേളത്തിൽ സ്വാമി പറഞ്ഞു.
സ്വാമി ജനനന്മ ജ്ഞാന തപസ്വി, സ്വാമി വത്സലൻ ജ്ഞാന തപസ്വി, സ്വാമി ചിത്തശുദ്ധൻ ജ്ഞാനതപസ്വി, പി.കെ. വേണുഗോപാൽ, ആർ.സതീശൻ, വി. ജോയ് , ക്യാപ്റ്റൻ മോഹൻദാസ്, ഡോ.കിഷോർ രാജ് , കെ.സി.സന്തോഷ് കുമാർ, ഗിരിജ എന്നിവർ പ്രസംഗിച്ചു.