കൊച്ചി: മരട് ഫ്ലാറ്റുകളിലെ ഉടമകളായ താമസക്കാരെ ഒഴിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് മാനുഷിക പരിഗണന നൽകി പുനഃപരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന് സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ചട്ടങ്ങൾ പാലിക്കാതെ കെട്ടിട നിർമ്മാണ പെർമിറ്റ് കൊടുത്ത അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയും എക്സംപ്ഷൻ കൊടുത്ത സി.ടി.പി യും ബിൽഡർമാരുമാണ്കുറ്റക്കാർ. ഇവർക്കെതിരെ നടപടി സ്വീകരിക്കാനോ ഫ്ലാററ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകാനോ കോടതി പറഞ്ഞിട്ടില്ലെന്നത് വിചിത്രമാണ്.
കുടിയൊഴിപ്പിക്കൽ തടയാൻ സി.ഐ.ടി.യു യൂണിയനുകൾ താമസക്കാർക്കൊപ്പം അണിനിരക്കും. ഫ്ലാറ്റിലെ താമസക്കാർ നടത്തുന്ന സമരത്തിന് പിന്തുണയർപ്പിച്ച് സി.ഐ.ടി.യു യൂണിയനുകളും മേഖലാ കമ്മറ്റികളും പ്രകടനങ്ങളും സത്യാഗ്രഹങ്ങളും നടത്തുമെന്ന് ജില്ലാ സെക്രട്ടറി സി.കെ.മണിശങ്കർ അറിയിച്ചു.