കൊച്ചി: മരടിലെ ഫ്ളാറ്റുമകൾ ഒഴിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് മാനുഷിക പരിഗണന നൽകി പുന:പരിശോധിക്കണമെന്ന് സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ചട്ടങ്ങൾ പാലിക്കാതെ കെട്ടിട നിർമ്മാണ പെർമിറ്റ് കൊടുത്ത പഞ്ചായത്ത് സെക്രട്ടറിയും ഇളവുകൾ നൽകിയവരും നിർമ്മാതാക്കളുമാണ് കുറ്റക്കാർ.
ചട്ടലംഘനം കണ്ടെത്തിയ ഡി.എൽ.എഫ് ഫ്ളാറ്റ് പിഴയൊടുക്കി ക്രമപ്പെടുത്താൻ ഉത്തരവിട്ട കോടതി മുംബയ് കൊളാബയിൽ കടലോരത്ത് നിർമ്മിച്ച ആദർശ് ഫ്ളാറ്റ് നിലനിറുത്താനാണ് തീരുമാനിച്ചത്.അതേ കോടതി മരടിലെ ഫ്ളാറ്റ് പൊളിക്കണമെന്ന് വാശി പിടിക്കുന്നത് ദുരൂഹമാണെന്ന് ജില്ലാ സെക്രട്ടറി സി.കെ. മണിശങ്കർ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് മുതൽ മേയർ വരെയുള്ളവർക്കും ഭരണ സമിതികൾക്കും ബിൽഡിംഗ് പെർമിറ്റ് കൊടുക്കാൻ അധികാരമില്ലെന്ന് പഞ്ചായത്ത്, മുനിസിപ്പൽ നിയമം പഠിച്ചവർക്കറിയാം. പെർമിറ്റ് കൊടുത്തതു മാത്രമല്ല, ഒക്യുപൻസി സർട്ടിഫിക്കറ്റ് കൊടുത്തവർക്കും നികുതി നിശ്ചയിച്ച ഉദ്യോഗസ്ഥർക്കുമാണ് ഉത്തരവാദിത്തം. തീരദേശ പരിപാലന നിയമം ലംഘിച്ച് പെർമിറ്റ് കൊടുത്ത ഉദ്യോഗസ്ഥർക്കും ബിൽഡർമാർക്കുമെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കണം.കുടിയൊഴിപ്പിക്കൽ തടയാൻ സി.ഐ.ടി.യു താമസക്കാർക്കൊപ്പം അണിനിരക്കും. താമസക്കാർ നടത്തുന്ന സമരത്തിന് പിന്തുണയർപ്പിച്ച് സി.ഐ.ടി.യു യൂണിയനുകളും മേഖലാ കമ്മറ്റികളും പ്രകടനങ്ങളും സത്യാഗ്രഹങ്ങളും നടത്തുമെന്ന് സി.കെ. മണിശങ്കർ അറിയിച്ചു.