story-1

കൊച്ചി: പരിശോധനാ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി ഇതരസംസ്ഥാന ലോബികൾ കേരളത്തിലേക്ക് വ്യാജ പാലൊഴുക്കി പണം കൊയ്യുന്നു. ന്യായമായ നിരക്കിൽ പാൽ ശേഖരിക്കുകയും പിന്നീട് മായം ചേർത്ത് അളവ് കൂട്ടിയുമാണ് കടത്ത്. കുറഞ്ഞ വിലയ്ക്ക് കിട്ടുമെന്നതിനാൽ ഗുണമേന്മ നോക്കാതെ ഇത് വാങ്ങുന്നവർ ധാരാളമുണ്ട്.

ഏജന്റുമാരുടെ സഹായത്തോടെയാണ് കേരളത്തിലേക്ക് വിഷപ്പാൽ ഒഴുക്കുന്നത്. ഏതെങ്കിലും ബ്രാൻഡ് പേരിൽ അതിർത്തി കടത്തുന്നതിനാൽ പലപ്പോഴും ഇത്തരം സംഘങ്ങൾ പിടിക്കപ്പെടാറില്ല. പാലുമായി വരുന്ന വാഹനം അവശ്യ സാധനങ്ങളുടെ പട്ടികയിൽപെടുന്നതിനാൽ വഴിയിൽ തടഞ്ഞുള്ള പരിശോധനയ്ക്കും അധികൃതർ മുതിരാറില്ല. ഇതും തട്ടിപ്പ് സംഘങ്ങൾക്ക് സഹായമാകുന്നുണ്ട്.

അതേസമയം,​ ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്ന പാലിൽ മായമുണ്ടോ എന്ന് പരിശോധിക്കാൻ കൂടുതൽ അത്യാധുനിക ലാബുകൾ വേണമെന്ന ക്ഷീര വികസന വകുപ്പിന്റെ ആവശ്യം സർക്കാർ ഫയലിലുറങ്ങുകയാണ്. കേരള - തമിഴ്‌നാട് അതിർത്തി പങ്കിടുന്ന പ്രധാന ചെക്ക് പോസ്റ്റുകളിൽ 15 ഇടത്തെങ്കിലും പരിശോധനാ കേന്ദ്രം ആരംഭിക്കണമെന്നാണ് ക്ഷീരവകുപ്പ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. പാലക്കാട് മീനാക്ഷിപുരത്തും കൊല്ലം ആര്യങ്കാവിലും മാത്രമാണ് നിലവിൽ, മുഴുവൻ സമയം പ്രവർത്തിക്കുന്ന ലാബുകളുള്ളത്. കേരളത്തിൽ പാൽവില കൂടുന്നതോടെ വ്യാജ പാൽ കടത്ത് കൂടുമെന്ന ആശങ്കയും ക്ഷീര വികസന വകുപ്പിനുണ്ട്.

പ്രതിദിനം നാല് ലക്ഷം ലിറ്ററോളം പാൽ അതിർത്തി കടന്ന് കേരളത്തിലേക്ക് എത്തുന്നുണ്ടെന്നാണ് ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന്റെ കണ്ടെത്തൽ. പാലക്കാട് മീനാഷിപുരത്തെ ചെക്ക് പോസ്റ്റിൽ പതിനായിരത്തോളം ലിറ്റർ പാൽ അടുത്തിടെ പിടിച്ചെടുത്തിരുന്നു. ഇവിടെ മുപ്പതോളം തവണ ഗുണനിലവാരമില്ലാത്ത പാൽ നേരത്തെ പിടികൂടിയിട്ടുണ്ട്. മായം കണ്ടെത്തിയ വാഹനങ്ങൾ അതിർത്തിയിൽ പ്രവേശിക്കുന്നത് വിലക്കി തിരിച്ചയയ്ക്കുകയാണ് ചെയ്യുന്നത്. ഈ ടാങ്കറുകൾ ചുറ്റി തിരിഞ്ഞ് പരിശോധനയില്ലാ ചെക്ക്പോസ്റ്റുകളിലൂടെ അതിർത്തി കടക്കുമെന്നാണ് വിവരം. ഭക്ഷ്യസുരക്ഷാ വകുപ്പിനോട് നടപടിയെടുക്കാൻ നിർദേശിക്കുകയല്ലാതെ പിഴ ഈടാക്കാനോ കേസെടുക്കാനോ ക്ഷീരവകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരമില്ല.


അതിർത്തി കടക്കാൻ
വേണം ഈ ഗുണങ്ങൾ

ഗുണമേന്മയുള്ള പാലിൽ മൂന്ന് ശതമാനം കൊഴുപ്പ് വേണം. അതിനൊപ്പം പ്രോട്ടീൻ, ലാക്ട്രോസ്, മറ്റ് ധാതുലവണാംശങ്ങളടക്കം ഖരപദാർത്ഥങ്ങളുടെ അളവ് 8.5 ശതമാനവും വേണമെന്നാണ് ക്വാളിറ്റി കൺട്രോളർ വിഭാഗം പറയുന്നത്. എന്നാൽ, തമിഴ്‌നാട്ടിലെ സ്വകാര്യ ഡയറികളിൽ നിന്നുവരുന്ന പാലിൽ പലതിലും ഈ ഗുണനിലവാരം ഉണ്ടാകാറില്ല. മിൽക്ക് അനലൈസർ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. കൊഴുപ്പും കൊഴുപ്പിതര ഖരപദാർഥങ്ങളുടെ അളവും പരിശോധിച്ച ശേഷമാണ് വാഹനം കടത്തി വിടുക. ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയാൽ സാമ്പിൾ പാൽ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് കൈമാറി, തുടർനടപടികൾ സ്വീകരിക്കാറാണ് പതിവ്.


തടസം ടെക്നീഷ്യൻമാരുടെ കുറവ്

സംസ്ഥാനത്ത് കൂടുതൽ പരിശോധനാ ലാബുകൾ ആരംഭിക്കാൻ വൈകുന്നത് ടെക്‌‌നീഷ്യൻമാരുടെ കുറവ് കാരണമാണെന്ന് ഷീര വികസന വകുപ്പ് വൃത്തങ്ങൾ പറയുന്നു. നിലവിലുള്ള രണ്ട് ലാബുകളിൽ താത്കാലിക ജീവനക്കാരാണുള്ളത്. മൂന്നു ഷിഫ്റ്റുകളിലായാണ് ലാബിന്റെ പ്രവർത്തനം. പാലിന്റെ സാമ്പിൾ ശേഖരിച്ച് 15 മിനിട്ടിനുള്ളിൽ പരിശോധിച്ച് ഫലം ലഭ്യമാക്കുന്ന ലബോറട്ടറികളാണ് നിലവിൽ സംസ്ഥാനത്തുള്ളത്.