ഓഫറും മെട്രോയും : അടിതെറ്റി സ്വകാര്യ ബസുകൾ

കൊച്ചി: ഓഫറുകളുടെ പെരുമഴയിൽ യാത്രക്കാരുമായി കൊച്ചി മെട്രോ നിറഞ്ഞോടുമ്പോൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തി സ്വകാര്യ ബസുകൾ. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളാണ് ബസുകളുടെ അന്ത്യത്തിന് തുടക്കം കുറിച്ചത്. തകർന്നു തരിപ്പണമായ റോഡുകളിലും കുഴികളിലും വീണു നിരങ്ങി നീങ്ങുന്ന സ്വകാര്യ ബസുകളെ കൈവിട്ടു യാത്രക്കാർ മെട്രോയിൽ കുതിച്ചു പായ്യുകയായിരുന്നു.

ആലുവ മുതൽ എറണാകുളം മഹാരാജാസ് വരെയെത്തുന്നതിന് ബസിൽ കുറഞ്ഞത് ഒന്നര മണിക്കൂറെടുക്കുമ്പോൾ മെട്രോയിൽ അര മണിക്കൂറിനുള്ളിൽ ലക്ഷ്യത്തിലെത്താം. സമയലാഭം, സാമ്പത്തിക നേട്ടം, ആഡംബരയാത്ര നഗരവാസികൾക്ക് ഇതിൽപ്പരമിനിയെന്തു വേണം.

സ്വകാര്യ ബസുകളുടെ കൊയ്ത്തു കാലമായിരുന്നു ഇതുവരെ ഓണംസീസൺ. അവധിയായതിനാൽ വിദ്യാർത്ഥികളുടെ "ശല്യമില്ല". ബ്രോഡ്‌വേയിലേക്കും നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലേക്കുമുള്ള യാത്രക്കായി ഭൂരിഭാഗം കുടുംബങ്ങളും ബസുകളെ ആശ്രയിക്കും. എന്നാൽ ഇത്തവണ അത്തരം അത്ഭുതങ്ങളൊന്നും ആവർത്തിച്ചില്ല . കലണ്ടറിലെ ഒരാഴ്ചത്തെ ചുവന്ന തീയതികൾ സ്വകാര്യ ബസുകളുടെ കഷ്ടകാലത്തിന്റെ അടയാളങ്ങളായി.

 തൈക്കൂടത്തേക്ക് മെട്രോ നീട്ടിയതും,​ നിരക്ക് കുറഞ്ഞതും സർവകാല റെക്കാഡുകളും

ഭേദിച്ച് യാത്രക്കാരുടെ എണ്ണം 1ലക്ഷം കടന്നു

ഇപ്പോൾ സർവീസ് നടത്തുന്നത് 460 ബസുകൾ

/

ആദ്യം സർവീസ് നടത്തിയിരുന്നത് 570 ബസുകൾ

 ബസുകൾ നിരത്തിൽ നിന്നൊഴിയുന്നു

ഒരു ബസ് നിരത്തിലിറക്കണമെങ്കിൽ 32 ലക്ഷം രൂപ

ജീവനക്കാരുടെ വേതനം, ഇൻഷ്വറൻസ്, അറ്റകുറ്റപ്പണി എന്നിങ്ങനെയുള്ള ചെലവുകൾ കഴിഞ്ഞാൽ കാര്യമായി മിച്ചം ഉണ്ടാവില്ല. റോഡിന്റെ അവസ്ഥ മോശമാണെങ്കിൽ പറയാനുമില്ല. ഇന്ധന ചെലവ് കൂടും. അടിക്കടി സ്പെയർപാർട്ടുകൾ മാറ്റേണ്ടിവരും. വർക്ക്‌ഷോപ്പുകളിൽ ജീവനക്കാർ കുറവായതിനാൽ ചെറിയ പണിയായാൽ പോലും ഒന്നോ രണ്ടോ ദിവസം കഴിഞ്ഞേ വണ്ടി പുറത്തിറക്കാൻ കഴിയൂ. യോഗ്യരായ ജീവനക്കാരെ കിട്ടാനും പ്രയാസമാണ്. പുലർച്ചെയും രാത്രി വൈകിയും സർവീസ് നടത്തണമെന്നു പറഞ്ഞാൽ പണി വേണ്ടെന്നു വയ്ക്കാൻ ജീവനക്കാർ മടിക്കില്ല. നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചതും ബസ് മേഖലയ്ക്ക് ഇരുട്ടടിയായി. അതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞു.

ഓണം പൊളിച്ചില്ല

ഞായറാഴ്ച ഭൂരിഭാഗം സർവീസുകളും റദ്ദാക്കി.എൺപതു ശതമാനം ബസുകൾക്കും ഓണദിവസങ്ങളിലെ ട്രിപ്പുകൾ നഷ്‌ടക്കച്ചവടമായി. അല്ലാത്തവർക്കും ശരാശരി അഞ്ഞൂറ് രൂപ പോലും ഒരു ദിവസം നേടാൻ കഴിഞ്ഞില്ല.

എം.ബി. സത്യൻ,​സംസ്ഥാന പ്രസിഡന്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ