കൊച്ചി : ദേശീയ പാതയിൽ മാസങ്ങളായി നോക്കുകുത്തിയായി തുടരുന്ന ഫ്ളൈ ഓവറിൽ വാഹനം കയറിയിറങ്ങാൻ മുടക്കേണ്ട 20 കോടി ആരു വഹിക്കുമെന്ന ചോദ്യം ബാക്കി..

ദേശീയപാത അതോറിറ്റി നിർമ്മിച്ചാൽ ടോൾ ഈടാക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് ഇടപ്പളളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ ഫ്ളെെ ഓവറുകളുടെ നിർമാണം സംസ്ഥാനം ഏറ്റെടുത്തത്.2017 ഡിസംബറിലാണ് പാലത്തിലെ ബലക്ഷയം ദേശീയപാത വിഭാഗം പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നത്. ഫ്ലൈ ഓവറിൽ ഒന്ന്, രണ്ട്, മൂന്ന്, ഏഴ്, പത്ത്, പന്ത്രണ്ട് പില്ലറുകൾ സ്ഥിതി ചെയ്യുന്ന ഭാഗത്ത് വിള്ളലുകൾ രൂപപ്പെട്ടി​രുന്നു.എെ.എെ.ടി യുടെ അന്തിമ റിപ്പോർട്ടിലും ഗുരുതര പിഴവുകൾ കണ്ടെത്തിയതോടെയാണ് പാലം പുനർനിമ്മിക്കാൻ സർക്കാർ ആലോചന തുടങ്ങിയത്.

രക്ഷകനായി ശ്രീധരൻ

അറ്റകുറ്റപ്പണിയല്ല, പുനർനിർമ്മാണമാണ് വേണ്ടതെന്ന് മെട്രോമാൻ ഇ. ശ്രീധരൻ പറഞ്ഞതാണ് ഫ്ളെെ ഓവറിന്റെ പുനർനിർമ്മാണത്തിന് വഴിയൊരുക്കുന്നത്. ജൂൺ 13 ന് ഇ. ശ്രീധരനെ തിരുവനന്തപുരത്ത് വിളിച്ചു വരുത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളെെ ഓവർ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്. കോൺക്രീറ്റ് വിദഗ്ദ്ധൻ മഹേഷ് ടണ്ടൻ, ചെന്നെെ എെ.എെ.ടിയിലെ പ്രൊഫ. അളകസുന്ദരമൂർത്തി എന്നിവർക്കൊപ്പം അദ്ദേഹം ജൂൺ 17 ന് ഫ്ളൈ ഓവർ പരി​ശോാധി​ച്ചു.അൾട്രാ സൗണ്ട് പ്ളസ് വെല്ലോസിറ്റി ടെസ്റ്റ് നടത്തിയാണ് കോൺക്രീറ്റിന്റെ ശോച്യാവസ്ഥ കണ്ടത്തിയത്

# ശ്രീധരന്റെ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ

102 ആർ.സി.സി ഗർഡറുകളിൽ 97 ലും വിള്ളൽ.

97 ഗർഡറുകളും പൂർണമായി മാറ്റി സ്ഥാപിക്കണം.

നിർമ്മാണത്തിന് ഉപയോഗിച്ച കോൺക്രീറ്റ് നിലവാരമില്ലാത്തത്.

19 സ‌്പാനുകളിൽ 17 എണ്ണവും മാറ്റണം.

കോൺക്രീറ്റിംഗിന് ആവശ്യമായ തോതിൽ സിമന്റും കമ്പിയും ഉപയോഗിച്ചില്ല.

ബീമുകൾ ഉറപ്പിച്ച ലോഹ ബെയറിംഗുകൾ മുഴുവനും കേടായി.

18 പിയർ ക്യാപ്പുകളിൽ ആറിലും വിള്ളൽ.മൂന്നെണ്ണം അതീവ ഗുരുതരാവസ്ഥയിൽ.

1, 2, 3, 7,10,12 പിയർ ക്യാപ്പുകളിലാണ് വിള്ളൽ.

.17 പിയർ ക്യാപുകൾ മാറ്റി സ്ഥാപിക്കണം.

ഫ്ളെെ ഓവർ നിർമാണവുമായി ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്ത അഴിമതിക്കേസിൽ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ. സൂരജ് ഉൾപ്പെടെ നാലു പേർ ജയിലിലാണ്. സൂരജിനൊപ്പം സുമിത് ഗോയൽ, ബെന്നി പോൾ, എം.ടി. തങ്കച്ചൻ എന്നിവരും അറസ്റ്റിലായി. നിർമാണ കമ്പനിയായ ആർ .ഡി.എസ് പ്രോജക്ട്‌സ് എം.ഡിയാണ് സുമിത് ഗോയൽ. കിറ്റ്‌കോ മുൻ എംഡിയാണ് ബെന്നി പോൾ. ആർബിഡിസികെ മുൻ അഡീഷനൽ മാനേജരാണ് എം.ടി.തങ്കച്ചൻ. സുമിത് ഗോയലാണ് ഒന്നാം പ്രതി.

പുറത്ത് കൊണ്ടുവന്നത് കേരളകൗമുദി​

പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് ആദ്യം റിപ്പോർട്ട് നൽകിയത് കേരളകൗമുദിയാണ് .2018 ഒക്ടോബർ 4 നായിരുന്നു ഈ വാർത്ത.പാലം പൊളിച്ചുപണിയേണ്ടിവരുമെന്ന് ഈ വർഷം ജൂലായ് 15 ന്കേരള കൗമുദി വാർത്ത നൽകിയിരുന്നു.