live-feed-for-shrimp-

കൊച്ചി : ചെമ്മീൻ, അലങ്കാര മത്സ്യക്കൃഷി എന്നിവയ്ക്ക് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എം.പി.ഇ.ഡി.എ) കീഴിലെ രാജീവ് ഗാന്ധി സെന്റർ ഫോർ അക്വാകൾച്ചർ (ആർ.ജി.സി.എ) തദ്ദേശീയമായി ജീവനുള്ള തീറ്റ (ലൈവ് ഫീഡ്) വികസിപ്പിച്ചു.

ആർട്ടീമിയ എന്ന പൊതുവിഭാഗത്തിൽപ്പെടുന്ന തീറ്റ 'പേൾ' എന്ന ബ്രാൻഡിലാണ് വിൽക്കുക. ചൈന, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി ഒഴിവാക്കാൻ കഴിയുന്നതാണ് കണ്ടെത്തൽ. കേന്ദ്രത്തിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരമാണ് പേൾ വികസിപ്പിച്ചത്.

എം.പി.ഇ.ഡി.എ ഹൈദരാബാദിൽ നടത്തിയ 'അക്വ അക്വേറിയ ഇന്ത്യ 2019' ഷോയിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു പേൾ പുറത്തിറക്കി.

നിലവിൽ 300 ടൺ ആർട്ടീമിയയാണ് ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നതെന്ന് എം.പി.ഇ.ഡി.എ ചെയർമാൻ കെ.എസ്. ശ്രീനിവാസ് പറഞ്ഞു. വർഷത്തിൽ 300 കോടി രൂപയാണ് ചെലവ് വരുന്നത്.

മഹാരാഷ്ട്ര, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിലേയ്ക്ക് ഉത്പാദനം വ്യാപിപ്പിക്കാനാകും. 2024 ആകുമ്പോഴേക്കും രാജ്യത്തു നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതി 7 ബില്യൺ അമേരിക്കൻ ഡോളർ മൂല്യത്തിൽ നിന്നും 15 ബില്യൺ ആക്കാനാണ് ലക്ഷ്യം.

രാജ്യത്തെ മത്സ്യകൃഷി ചരിത്രത്തിലെ സുപ്രധാന നേട്ടമാണ് തദ്ദേശീയമായി ആർട്ടീമിയ വികസിപ്പിച്ചതെന്ന് ആർ.ജി.സി.എ പ്രോജക്ട് ഡയറക്ടർ ഡോ. എസ്. കന്ദൻ പറഞ്ഞു.

ഇറക്കുമതി ചെയ്ത ആർട്ടീമിയ 450 ഗ്രാമിന് 5,300 രൂപയാണ് വില. പേൾ ആർട്ടീമിയയ്ക്ക് 3,500 രൂപ മാത്രമേയുള്ളു. ഉത്പാദനം വർധിപ്പിച്ച് വില ഇനിയും കുറയ്ക്കാനാകും. തമിഴ്‌നാട്ടിലെ തൂത്തുക്കുടി, രാമനാഥപുരം എന്നിവിടങ്ങളിലാണ് പേൾ ആർട്ടീമിയ ഉത്പാദിപ്പിക്കുന്നത്.

15 ഹെക്ടറിലാണ് ആർ.ജി.സി.എ ആർട്ടീമിയ ഉത്പാദിപ്പിക്കുന്നത്. ആർട്ടീമിയ ഉത്പാദനത്തിനുതകുന്ന 12,000 ഹെക്ടർ സ്ഥലം രാജ്യത്തുണ്ട്.

ചെമ്മീൻ ഇനങ്ങൾ കൂടാതെ, മോദ, കാളാഞ്ചി, വറ്റ, ഞണ്ട്, തിലാപിയ തുടങ്ങിയ മത്സ്യയിനങ്ങളെ വളർത്തുന്നതിനുള്ള സാങ്കേതികവിദ്യയിലും ആർ.ജി.സി.എ നേട്ടമുണ്ടാക്കിയിട്ടുണ്ട്.