ആലുവ: ആലുവയെ ക്രിക്കറ്റ് ലഹരിയിലാക്കി ആലുവ പ്രീമിയർലീഗ് എടത്തല സോക്കർ സെവൻസ് ഗ്രൗണ്ടിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.പി.എൽ പ്രസിഡന്റ് യദുകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. എടത്തല പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ്, സംസ്ഥാന യുവജനക്ഷേമ ബോർഡ് മെമ്പറും എ.പി.എൽ രക്ഷാധികാരിയുമായ അഫ്‌സൽ കുഞ്ഞുമോൻ, രക്ഷാധികാരി ഹംസ എൻ കെ, എ.പി.എൽ സെക്രട്ടറി അനൂപ് തോട്ടത്തിൽ, ജോയിന്റ് സെക്രട്ടറി സനൽ കോട്ടായി, ബാദുഷ മുപ്പത്തടം എന്നിവർ സംസാരിച്ചു.
21, 22, 28, 29 എന്നീ തീയതികളിലായി നടക്കുന്ന മത്സരത്തിൽ 12 ടീമുകൾ ഏറ്റുമുട്ടും. ആലുവ നിയോജകമണ്ഡലം കൂടാതെ കരുമാലൂർ കടുങ്ങല്ലൂർ വാഴക്കുളം എന്നീ പഞ്ചായത്തുകളെയും ഉൾപ്പെടുത്തി നടത്തുന്ന മത്സരത്തിൽ 250 ഓളം കളിക്കാർ രജിസ്റ്റർ ചെയ്തിരുന്നു. അതിൽ നിന്ന് 180 കളിക്കാരെ 12 ഫ്രാഞ്ചൈസികൾ ലേലം ചെയ്തെടുക്കുകയായിരുന്നു. മൊബൈൽ ഗെയിമിനും ലഹരിക്കും അടിമകളായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ യുവാക്കളെ 'വാ നമുക്ക് ക്രിക്കറ്റ് കളിക്കാം മൊബൈലിൽ അല്ല' എന്ന സന്ദേശത്തോടെയാണ് പ്രീമിയർ ലീഗ് സംഘടിപ്പിച്ചിട്ടുള്ളത്.