parking
ആലുവ ബ്രിഡ്ജ് റോഡിൽ മെട്രോ സ്‌റ്റേഷന് സമീപം അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ

ആലുവ: മെട്രോ സ്റ്റേഷന് സമീപം ബ്രിഡ്ജ് റോഡിലെ അനധികൃത വാഹന പാർക്കിംഗ് കാൽനടക്കാർക്ക് ദുരിതമാകുന്നു. ബൈപാസിനും ബാങ്ക് കവലയ്ക്കും ഇടയിലുള്ള റോഡിലാണ് വാഹനങ്ങൾ കൂട്ടത്തോടെ പാർക്ക് ചെയ്യുന്നത്. റോഡിലേക്ക് കയറ്റിവരെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ മറ്റ് വാഹനങ്ങൾക്കും സുഗമമായി കടന്നുപോകാൻ കഴിയുന്നില്ല. ചില ഭാഗങ്ങളിൽ ഒന്നിലധികം നിരകളായി കാറുകളടക്കം നിർത്തിയിടുന്നുണ്ട്. കാൽനട യാത്രക്കാരാണ് ഇതുമൂലം കൂടുതൽ ദുരിതമനുഭവിക്കുന്നത്.

# കുരുക്കോട് കുരുക്ക്

വാഹനക്കുരുക്ക് ഇവിടെ പതിവാണ്. കാൽനട യാത്രക്കാർക്ക് റോഡ് സൈഡിലൂടെ നടക്കാൻ സാധിക്കാത്തതിനാൽ അവർ റോഡിലേക്ക് കയറി നടക്കേണ്ടിവരുന്നു. ഇത് ഗതാഗതതടസം വർദ്ധിക്കാൻ ഇടയാക്കുന്നുണ്ട്.

സമീപത്തെ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലേക്ക് വരുന്നവരുടെ വാഹനങ്ങളും ഇതിൽപ്പെടും. കെട്ടിടങ്ങൾ പണിയുമ്പോൾ പലരും വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം ഇടാറില്ല. ഇതാണ് റോഡിലെ പാർക്കിംഗിന് ഇടയാക്കുന്നത്. പല സ്ഥാപനങ്ങളും കെട്ടിടത്തിന് മുന്നിലെ ഫുട്പാത്തും റോഡും തങ്ങളുടെ സ്വന്തം പോലെയാണ് കണക്കാക്കുന്നതും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും. മെട്രോ സ്‌റ്റേഷൻ വന്നതോടെ ഈ റോഡിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. മെട്രോയിൽ യാത്ര ചെയ്യുന്ന പലരും രാവിലെ മുതൽ റോഡരികിൽ വാഹനം നിർത്തിയിട്ടാണ് പോകുന്നത്. അധികൃതരാകട്ടെ ഇതൊന്നും കണ്ടമട്ടുപോലും കാണിക്കുന്നില്ല.