കൊച്ചി: ശ്രീനാരായണഗുരുദേവന്റെ 92ാമത് മഹാസമാധി ദിനം ശനിയാഴ്ച എറണാകുളം സഹോദര സൗധത്തിൽ വിവിധ പരിപാടികളോടെ ആചരിക്കും. രാവിലെ എട്ടു മുതൽ ഗുരുദേവാർച്ചന, സമൂഹപ്രാർത്ഥന, ഗുരുദേവ കൃതികളുടെ പാരായണം എന്നിവ നടക്കും. സുശീലൻ തന്ത്രികൾ കാർമ്മികത്വം വഹിക്കും. ഉപവാസ യജ്ഞം പത്തിന് ജസ്റ്റിസ് ജി.ശിവരാജൻ ഉദ്‌ഘാടനം ചെയ്യും. ഗുരുപ്രസാദം പ്രതിമാസ ധനസഹായ പദ്ധതിയുടെ ഉദ്‌ഘാടനം പ്രൊഫ.എം.കെ.സാനു നിർവഹിക്കും. സേവാസംഘം പ്രസിഡന്റ് അഡ്വ.എൻ.ഡി.പ്രേമചന്ദ്രൻ അദ്ധ്യക്ഷനാകും. സെക്രട്ടറി പി.പി.രാജൻ,ട്രഷറർ ഡോ.ടി.എൻ.വിശ്വംഭരൻ എന്നിവർ സംസാരിക്കും. ഗുരുശക്തി സംഗീതസഭയുടെ കെ.എം.ഉദയഭാനുവും സംഘവും ഗുരുദേവ ഗീതകം അവതരിപ്പിക്കും. വൈകിട്ട് മൂന്നു മുതൽ സമൂഹപ്രാർത്ഥന. ദീപക്കാഴ്ചയോടെ പരിപാടികൾ സമാപിക്കും.