മൂവാറ്റുപുഴ: അനായാസമായി കണക്ക് എളുപ്പവഴികളിലൂടെ കൗതുകകരവും രസകരവുമായി കുട്ടികളുടെ അനുഭവങ്ങളാക്കി മാറ്റുന്ന ഉല്ലാസഗണിതം പദ്ധതിക്ക് തുടക്കമായി. . പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സമഗ്രശിക്ഷ കേരളയുടെ എറണാകുളം ജില്ലാതല പദ്ധതിക്കാണ് കല്ലൂർക്കാട് ബി.ആർ.സിയിൽ തുടക്കം കുറിച്ചത്. പ്രൈമറി ക്ലാസ്സുകളിൽ തന്നെ കുട്ടികൾ ഗണിതത്തിന്റെ അടിസ്ഥാന ശേഷികൾ നേടുകയാണ് ഉല്ലാസഗണിതം പദ്ധതിയുടെ ലക്ഷ്യം. കണക്കിന്റെ പെരുക്കങ്ങളും അവ വരുന്ന വഴികളും അറിഞ്ഞ് പഠിക്കാനുള്ള സൂത്രങ്ങളാണ് കളിയിലൂടെ കടന്നു വരുന്നതെന്ന് സമഗ്രശിക്ഷാ കേരള ജില്ലാ പ്രോജക്ട് ഓഫീസർ സജോയ് ജോർജ് പറഞ്ഞു.
ഗണിത കിറ്റിന്റേയും വായന രസകരമാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയിരിക്കുന്ന വായനാ കാർഡിന്റേയും ജില്ലാ തല വിതരണോത്ഘാടനവും നടത്തി. ആനിക്കാട് സെന്റ് ആന്റണീസ് എൽ.പി.സ്‌കൂളിൽ എൽദോ എബ്രാഹം എം.എൽ.എ. ഉല്ലാസഗണിതം പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. പഠനോപകരണ കിറ്റ് വിതരണ ഉദ്ഘാടനം ആവോലി പഞ്ചായത്ത് പ്രസിഡന്റ് ജോർഡി. എൻ.വർഗീസും വായനാ കാർഡ് വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി വട്ടക്കുഴിയും നിർവ്വഹിച്ചു. എസ്.എസ്.കെ. വാർഷിക പദ്ധതി കൈപ്പുസ്തക പ്രകാശനം ഡയറ്റ് പ്രതിനിധി കെ.എസ്.ബിജോയി നിർവ്വഹിച്ചു.
കണക്കുമായി കളിക്കാനും പഠിക്കാനും
ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും കിറ്റ് ലഭ്യമാക്കും.